ഒരു വലിയ ഫിഷ് ടാങ്കിനുള്ളിൽ ഒരു ടോയ്ലറ്റ്! കേൾക്കുമ്പോൾതന്നെ അത്ഭുതം തോന്നുന്നുണ്ടോ. എന്നാൽ സംഗതി സത്യമാണ്. ജപ്പാനിലെ അകാൻഷിയിലുള്ള ഹിപ്പോപോ പപ്പാ കഫെയിലാണ് ഇത്തരം ഒരു വെറൈറ്റി ടോയ്ലറ്റ് ഉള്ളത്. വലിയൊരു അക്വേറിയത്താൽ ചുറ്റപ്പെട്ടതാണ് ഈ ടോയ്ലറ്റ്. വെറുമൊരു അക്വേറിയമല്ല, ഒരു ഒന്നൊന്നര അക്വേറിയമാണിത്.
വിലയേറിയ മത്സ്യങ്ങൾ മുതൽ ഒരു ഭീമൻ ആമ വരെയുണ്ട് ഇതിൽ. ഏകദേശം ഒന്നരക്കോടി രൂപ ചെലവാക്കിയാണ് കഫെ ഉടമ ഇത് ഇവിടെ ഒരുക്കിയിരിക്കുന്നത്. 12 വർഷമായി പ്രവർത്തിക്കുന്ന ഈ കഫേ ഇന്ന് ടൂറിസ്റ്റുകളെ ആകർഷിക്കുന്നത് ഈ ടോയ്ലറ്റിന്റെ പേരിലാണ്.
ഇപ്പോൾ ഇവിടെ എത്തുന്ന ആളുകൾ ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഏറെയും ഇവിടത്തെ ടോയ്ലറ്റിൽ കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ ആണ് ഇഷ്ടപ്പെടുന്നത്. എന്നാൽ, ഇത്രയും വലിയ മത്സ്യങ്ങളെയും ആമയെയും ഒക്കെ കണ്ടു കൊണ്ട് ടോയ്ലറ്റ് ഉപയോഗിക്കാൻ ഭയം തോന്നാറുണ്ട് എന്ന് ചില അനുഭവസ്ഥർ പറയുന്നു. ലോകത്തിലെ ഏറ്റവും ഹൈടെക് ടോയ്ലറ്റ് ഉപയോഗിക്കുന്നവരിൽ മുൻപിൽ ആണ് ജപ്പാൻകാർ. ഓട്ടോഷട്ടിംഗ് ലിഡ് മുതൽ മസാജ് ഫംഗ്ഷൻ വരെയുള്ള ടോയ്ലറ്റുകൾ ജപ്പാനിൽ സർവസാധാരണമാണ്.