കൊല്ലം: പുത്തൂരിൽ ജില്ലാ പഞ്ചായത്തിന്റെ സായന്തനം വൃദ്ധസദനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്മിനിസ്ട്രേഷൻ ബ്ളോക്ക് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ജയപ്രസാദ്, ഇ.എസ്.രമാദേവി, ജില്ലാ പഞ്ചായത്തംഗംങ്ങളായ എസ്.പുഷ്പാനന്ദൻ, ആർ.രശ്മി, സെക്രട്ടറി കെ.പ്രസാദ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യാ കൃഷ്ണൻ, വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, ബ്ളോക്ക് പഞ്ചായത്തംഗം സി.അനിൽകുമാർ എന്നിവർ സംസാരിച്ചു.

നൂറുപേർക്ക് പ്രവേശിക്കാം

ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ചാണ് 'സായന്തനം' എന്ന പേരിൽ വൃദ്ധസദനം ഒരുക്കിയത്.

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പുത്തൂർ പഴയചിറയിലെ 65 സെന്റ് ഭൂമി വൃദ്ധസദനം തുടങ്ങുന്നതിനായി വിട്ടുനൽകി. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിനോട് ചേർന്ന പഴയ ചിറയുടെ ഭാഗമായിരുന്നു ഈ ഭൂമി. വിവിധ കാരണങ്ങളാൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് പോകേണ്ടി വന്നവർക്ക് 'സായന്തനം' വൃദ്ധസദനം അഭയമേകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രായമായവരെ സംരക്ഷിക്കാനും ഭക്ഷണവും വസ്ത്രവും ചികിത്സയും മറ്റ് സൗകര്യങ്ങളും നൽകാനുമാണ് ലക്ഷ്യമിടുന്നത്. അവർക്ക് മാനസികോല്ലാസത്തിന് ഉതകുന്ന പരിപാടികളും അന്തരീക്ഷവും ഒരുക്കി ഹൃദ്യാനുഭവമാക്കും. നൂറുപേർക്കാണ് പ്രവേശനത്തിന് സൗകര്യമൊരുക്കുന്നത്. പൂർണതോതിൽ പ്രവർത്തനം തുടങ്ങാൻ ഇനിയും കുറച്ച് സമയംകൂടി എടുക്കേണ്ടിവരും. ഇനി പ്രത്യേക യോഗം ചേർന്ന് നടത്തിപ്പിന്റെ കാര്യങ്ങൾ ചർച്ച ചെയ്യും. ഇതിന് ശേഷമേ പ്രവർത്തനം തുടങ്ങുകയുള്ളൂ.