തൊടിയൂർ: ഇടക്കുളങ്ങര എഫ്.സി.ഐ ഡിപ്പോയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും നടത്താൻ തീരുമാനിച്ചിരുന്ന കൊവിഡ് പരിശോധന എഫ് .സി .ഐ അധികൃതരുടെ നിസഹകരണം മൂലം മുടങ്ങിയതായി ആരോഗ്യ വകുപ്പ് അധികൃതർ. തൊടിയൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വെയർഹൗസിംഗ് കോർപ്പറേഷൻ ഡിപ്പോ, ബിവേജസ് ഔട്ട് ലെറ്റ് എന്നീ സ്ഥാപനങ്ങളിലെ നിരവധി ജീവനക്കാരും തൊഴിലാളികളും കൊവിഡ് പോസിറ്റീവായിരുന്നു.ഇവർ എഫ്.സി.ഐ തൊഴിലാളികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന സാഹചര്യത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരമായിരുന്നു എഫ് .സി .ഐ തൊഴിലാളികൾക്കും ജീവനക്കാർക്ക് പരിശോധന നടത്താൻ തീരുമാനിച്ചത്. തുടർന്ന് എഫ് .സി .ഐ അധികൃതരെ വിവരം അറിയിക്കുകയും ആധാർ രേഖകൾ ശേഖരിക്കുകയും ചെയ്തു. തൊടിയൂർ പി .എച്ച്. സി യുടെ കീഴിലുള്ള മാരാരിത്തോട്ടം സബ് സെന്ററിൽ 5നായിരുന്നു പരിശോധനനിശ്ചയിച്ചിരുന്നത്. ഇതിനുള്ളക്രമീകരണങ്ങളും അവിടെ സജ്ജീകരിച്ചിരുന്നു. എന്നാൽ എഫ് .സി .ഐ യിൽ വച്ച് തന്നെ പരിശോധന നടത്തണമെന്ന നിലപാടാണ് എഫ്.സി.ഐ മാനേജർ സ്വീകരിച്ചത്.ഇതിനുളള സാങ്കേതിക ബുദ്ധിമുട്ടുകൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിക്കുകയും സബ് സെന്ററിൽ നടക്കുന്ന പരിശോധനയുമായി സഹകരിക്കണമെന്നറിയിക്കുകയും ചെയ്തു. എന്നാൽ സബ് സെന്ററിൽ നടന്ന പരിശോധനയ്ക്ക് എഫ്.സി.ഐയിൽ നിന്ന് ഒരാളും എത്തിയില്ല. എം .എൽ. എ, കരുനാഗപ്പള്ളി എസ് .എച്ച് .ഒ,അരോഗ്യ വകുപ്പ് അധികാരികൾ എന്നിവരെ വിവരം അറിയിച്ചതായി പ്രാഥമികാരോഗ്യകേന്ദ്രം ഉദ്യോഗസ്ഥർ അറിയിച്ചു.