photo
പുളിമരം വീണ് തകർന്ന കോഴിക്കോട് ഷംസുദ്ദീൻകുഢ്ഢിന്റെ വീട്.

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം തകർത്ത് പെയ്ത മഴയിലും വീശിയടിച്ച കാറ്റിലും കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. മരങ്ങൾ വീണാണ് ഏറെ നാശനഷ്ടം ഉണ്ടായത്. അയണിവേലിക്കുളങ്ങര വില്ലേജിൽ കോഴിക്കോട് മുറിയിൽ ചക്കാലയിൽ തെക്കതിൽ ഷംസുദ്ദീന്റെ വീടിന്റെ പുറത്ത് ഇന്നലെ ഉച്ചക്ക് പുളിമരം വീണ് വീട് പൂർണമായും തകർന്നു. കോഴിക്കോട് കന്നേലിൽ ഉഷയുടെ വീടിന്റെ മുകളിൽ മരം വീട് ഭാഗികമായി തകർന്നു. കോഴിക്കോട് അനുഗ്രഹയിൽ വിജയമ്മലാലിയുടെ കാർഷെഡിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. ചവറ മുകുന്ദപുരം പട്ടത്താനം മുറിയിൽ അരുൺ ഭവനത്തിൽ ജയയുടെ കാലിത്തൊഴുത്തിന് മേൽ മരം വീണ് തൊഴുത്ത് പൂർണമായും തകർന്നു. മുകുന്ദപുരം കണിച്ചേരിൽ പടീറ്റതിൽ അർച്ചനയുടെ വീടിന് മേൽ മരം വീണ് നാശനഷ്ടം സംഭവിച്ചു. വെറ്റമുക്കിന് സമീപം ദേശീയപാതയിൽ മരം വീണ് ഗതാഗതം ഭാഗികമായി സ്തംഭിച്ചു. കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കൂടാടെ 12 ഓളം സ്ഥലങ്ങളിൽ മരം വീണ് നാശം സംഭവിച്ചിട്ടുണ്ട്. ശക്തമായി പെയ്ത മഴയിൽ കരുനാഗപ്പള്ളിയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടായി മാറി.