സ്ഥാപന ഉടമ കസ്റ്റഡിയിൽ
കൊട്ടിയം: പട്ടികജാതി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും മുദ്രക്കടലാസുകളിൽ ഒപ്പിടീക്കാൻ ശ്രമിച്ചതായും പരാതി. കൊട്ടിയം ഒറ്റപ്ലാമൂട് ഷാബു ഭവനിൽ ഷാബുവിനെയാണ് (24) രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ഷാബു നേരത്തെ ജോലി നോക്കിയിരുന്ന സ്ഥാപനത്തിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
ഇന്നലെ പുലർച്ചെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. യുവാവിന്റെ വീട്ടിലെത്തിയ സ്ഥാപന ഉടമ ചില മുദ്രക്കടലാസുകൾ കാട്ടി ഒപ്പിടണമെന്ന് ആവശ്യപ്പെട്ടു. സഹകരിക്കാതെ വന്നതോടെ വീട്ടുകാരെയുൾപ്പെടെ ഭീഷണിപ്പെടുത്തിയ ശേഷം ഇയാൾ പുറത്തേക്ക് പോയി. തുടർന്ന് റോഡുവക്കിൽ വാഹനത്തിൽ കാത്തുനിന്ന സംഘം ജിംനേഷ്യത്തിൽ പോകുന്നതിനിടെ ഷാബുവിനെ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ട് പോവുകയായിരുന്നു.
വിവരമറിഞ്ഞ് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ രാവിലെ പത്ത് മണിയോടെ സംഘം യുവാവിനെ ചാത്തന്നൂർ പൊലീസ് സ്റ്റേഷന് സമീപം എത്തിച്ചശേഷം കടന്നു. വിവരമറിഞ്ഞ് ചാത്തന്നൂരിൽ എത്തിയ കൊട്ടിയം പൊലീസ് ഷാബുവിനെ കൊട്ടിയത്തേക്ക് കൊണ്ടുവരികയായിരുന്നു.
ജോലിയിൽ നിന്ന് മാറിയതിലുള്ള നീരസത്തിൽ തന്നെ പണമിടപാടുകളിൽ കുരുക്കി കള്ളക്കേസ് ഉണ്ടാക്കാനുള്ള ശ്രമമാണ് സ്ഥാപന ഉടമ നടത്തിയതെന്ന് ഷാബു പറയുന്നു. വാഹനത്തിൽ കടത്തിക്കൊണ്ടുപോയ തന്നെ ആധാരം എഴുത്തുകാരന്റെയും വക്കീലിന്റെയും വീടുകളിൽ എത്തിച്ച് ചില പേപ്പറുകളിൽ ഒപ്പിടാൻ നിർബന്ധിച്ചു. വഴങ്ങാതെ വന്നതോടെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. ഒടുവിൽ വക്കീൽ പറഞ്ഞതനുസരിച്ചാണ് ചാത്തന്നൂർ എത്തിച്ച് സ്ഥലംവിട്ടതെന്ന് ഷാബു പറഞ്ഞു.