ചവറ: എൻ.വിജയൻപിള്ള എം.എൽ.എയുടെ സ്മരണയ്ക്കായി നിർമ്മിച്ച വിജയ ഭവനം നിർമ്മാണം പൂർത്തിയാക്കി വിജയനും കുടുംബത്തിനുംകൈമാറി. എം.എൽ.എ യുടെ സ്റ്റാഫ് ആയിരുന്ന വി.ബാബുരാജേന്ദ്രൻപിള്ളയാണ് തനിക്ക് സർക്കാരിൽ നിന്നും പ്രതിഫലമായി ലഭിച്ച ആറ് ലക്ഷം രൂപ ഉപയോഗിച്ച് വിജയന്റെ കുടുംബത്തിന് വീട് വെച്ച് നൽകിയത്. എം.എൽ.എ.യുടെ സ്റ്റാഫായി നിയമിച്ചപ്പോൾ തന്നെ പ്രതിഫലം ഇല്ലാതെ ജോലി ചെയ്യുവാൻ ഉള്ള താല്പര്യം എം.എൽ.എ.യെ അറിയിച്ചു. എങ്കിൽ ശമ്പളം ബാങ്കിൽ നിക്ഷേപിക്കാനും കാലാവധി കഴിയുമ്പോൾ ലൈഫ് പദ്ധതിയിൽ സാങ്കേതിക കാരണങ്ങളാൽ വീട് ലഭിക്കാതെ പോകുന്ന ഒരു നിർദ്ധന കുടുംബത്തിന് വീട് വെച്ച് നൽകാമെന്നും എം.എൽ.എ. പറഞ്ഞു. എന്നാൽ എം.എൽ.എ അകാലത്തിൽ മരിച്ചതോടെ അതുവരെയുള്ള ശമ്പള തുകയായ ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് 90 ദിവസം കൊണ്ട് വീട് പൂർത്തിയാക്കിയത്. ചവറ താന്നിമൂട് വാർഡിൽ പുള്ളുവന്റയ്യത്ത് പടിഞ്ഞാറ്റതിൽ ചോർന്നൊലിച്ചു നിലം പൊത്താറായ വീട്ടിൽതാമസിച്ചിരുന്ന കൊല്ലപണിക്കാരനായ വിജയനും ചെറിയ രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്. ഏത് സമയവും അപകടം സംഭവിക്കാവുന്ന കൂരയിൽ താമസിച്ചിരുന്ന ഇവർക്ക് നാല് സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ സമർപ്പിക്കാൻ കഴിയാത്തതിനാൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടില്ല. അതിനാലാണ് വിജയന്റെ കുടുംബത്തെ വീടിന് അർഹനാക്കിയത്. വീടിന്റെ താക്കോൽ ദാന കർമ്മം വിജയൻപിള്ള എം.എൽ.എ.യുടെ മകൻ ഡോക്ടർ സുജിത് നിർവഹിച്ചു.
വിജയന്റെ വീടിനോട് ചേർന്ന് കൊല്ലപ്പണി ആല പുതുക്കാട് കാരാണ വീട്ടിൽ വർഗീസ് നിർമ്മിച്ച് നൽകി. ഡോ.വി. സുജിത് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും വാങ്ങി നൽകി. വികാസ് അംഗം സന്തോഷ് കുമാറാണ് 600 സ്ക്വയർ ഫീറ്റ് ഉള്ള കെട്ടിടം നിർമ്മിച്ചു നൽകിയത്. ചവറ വികാസ് കലാസാംസ്‌കാരിക സമിതിയുടെ സഹായവും ഉണ്ടായിരുന്നു.