bmbc
ബി..എം ആന്റ് ബി..സി മാതൃകയിൽ നവീകരണം കാത്തിരിക്കുന്ന ചങ്ങൻകുളങ്ങര - മുണ്ടാലുംമൂട് റോഡ്

കൊല്ലം: നാടാകെ നവീന രീതിയിൽ റോഡ് നിർമ്മാണം പുരോഗമിക്കുമ്പോൾ ബി.എം ആൻഡ് ബി.സി വികസനത്തിനായി കാത്തിരിക്കുകയാണ് ചങ്ങൻകുളങ്ങര- തീപ്പുര മുണ്ടാലുംമൂട്പാലം റോഡ്. ദേശീയപാത 66ൽ ചങ്ങൻകുളങ്ങരയിൽ നിന്ന് താമരക്കുളത്തേക്കുള്ള റോഡിന്റെ ഭാഗമാണിത്. മുണ്ടാലുംമൂട് വരെയുള്ള ഭാഗം ഒഴികെ ബ‌ഡ്ജറ്റ് വർക്കിൽ ബി.എം ആൻഡ് ബി.സി മാതൃകയിൽ നവീകരിക്കാൻ തീരുമാനിച്ചിരിക്കെയാണ് 3.9 കി.മീറ്റർ റോഡിന്റെ വികസനം വഴിമുട്ടി നിൽക്കുന്നത്.

റോഡ് കയ്യേറി വെള്ളക്കെട്ടും

മുണ്ടാലുംമൂട് മുതൽ ചങ്ങൻകുളങ്ങരവരെയുള്ള ഭാഗം ബഡ്ജറ്റ് വർക്കിലോ കിഫ്.ബിയിലോ ഉൾപ്പെടുത്താതെ പോയതാണ് തഴവ,​ ഓച്ചിറ,​ കുലശേഖരപുരം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് വികസനം അന്യമാക്കിയത്. വള്ളികുന്നം ,​ താമരക്കുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ ബാക്കിഭാഗം ചാമ്പക്കടവ് - താമരക്കുളം കിഫ്.ബി വികസന പദ്ധതിയിലുൾപ്പെടുത്തിയാണ് ബി.എം ആൻഡ് ബി.സി മാതൃകയിൽ നവീകരിക്കുന്നത്. താമരക്കുളം മുതൽ കാഞ്ഞിരത്തുംമൂട് വരെ റോഡ് വീതികൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കികഴിഞ്ഞു. കാഞ്ഞിരത്തുംമൂട് - കാമ്പിശേരി മുക്ക്- മുണ്ടാലുംമൂട് പാലം ഭാഗത്തും നിർമ്മാണജോലികൾ പുരോഗമിച്ച് വരികയാണ്. പത്ത് മീറ്ററിൽ കുറയാതെ വീതിയുള്ള മേജർ ജില്ലാ റോഡാണിത്. റോഡ് സംരക്ഷിക്കാൻ നടപടിയില്ലാത്തതിനാൽ മുണ്ടാലുംമൂട് - ചങ്ങൻകുളങ്ങര റൂട്ടിൽ പലഭാഗത്തും സ്വകാര്യ വ്യക്തികൾ റോഡ് കൈയ്യേറിയിട്ടുണ്ട്. റോഡിലേക്ക് ഇറക്കി വേലിയും മതിലും നിർമ്മിച്ചും കടകളുടെയും സ്ഥാപനങ്ങളുടെയും തട്ടുകൾ ഇറക്കിവച്ചുമാണ് കൈയ്യേറ്റം. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡിന്റെ പലഭാഗങ്ങളും മഴക്കാലത്ത് വെള്ളക്കെട്ടാണ്

റോഡിന്റെ പ്രാധാന്യം

# ദേശീയ പാത 66ൽ തുടങ്ങി കൊല്ലം -തേനി ദേശീയപാതയെ ബന്ധിപ്പിക്കുന്ന റോഡ്.

#തീരദേശ മലയോര മേഖലകളെ ബന്ധിപ്പിക്കും

#ശബരിമല,​ അടൂർ,​ മാവേലിക്കര,​ പുനലൂർ,​ കൊല്ലം,​ കരുനാഗപ്പളളി,​ ഓച്ചിറ,​ വള്ളിക്കാവ് മാതാ അമൃതാനന്ദമയിമഠം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതകളിലൊന്ന്.

ഓട ആവശ്യമായ സ്ഥലങ്ങൾ

# ചങ്ങൻകുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശം മുതൽ നാട്ടുവാതുക്കൽ കലുങ്ക്,​ ത്രിവേണി ജംഗ്ഷൻ വരെ

#റെയിൽവേ ക്രോസ് മുതൽ ചെറുവാറ കിഴക്കുവശം വരെ

#പാട്ടത്തിൽ ജംഗ്ഷന് പടിഞ്ഞാറ് മുതൽ മഠത്തിൽ സ്കൂൾ വരെ

#കുറ്റിയിൽ മുക്ക്- ഒറ്റത്തെങ്ങിൽ കലുങ്ക് വരെ

റോഡ് വീതികൂട്ടുന്നതിനൊപ്പം ഗതാഗത തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ റോഡരികിലേക്ക് മാറ്റി സ്ഥാപിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ ഓടകൾ നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കുകയും വേണം. ബി.എം ആൻഡ് ബി.സി മാതൃകയിൽ റോഡ് നിർമ്മിക്കുന്നതിനായി പഞ്ചായത്ത് കമ്മിറ്റിമുമ്പാകെ പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.

സലിം അമ്പിത്തറ,​ ഗ്രാമപഞ്ചായത്തംഗം.തഴവ.