rumcy
തൂങ്ങി മരിച്ച റംസി

കൊട്ടിയം: വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറിയ വിഷമത്തിൽ യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച കേസിൽ പള്ളിമുക്ക് സ്വദേശി ഹാരീസിനെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ നിന്ന് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന റഹിമിന്റെയും നദീറയുടെയും മകൾ റംസിയുടെ (24) ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി.

കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് മൂന്നോടെയാണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ റംസിയെ കണ്ടത്. ഹാരീസുമായി റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വളയിടൽ ചടങ്ങുകളും മറ്റ് സാമ്പത്തിക ഇടപാടുകളും കഴിഞ്ഞശേഷം യുവാവ് വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. റംസി മരിക്കുന്നതിന് മുമ്പ് ഹാരീസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

താൻ മരിക്കാൻ പോവുകയാണെന്ന് ഹാരീസിന്റെ അമ്മയോട് റംസി പറയുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്. യുവാവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.