കൊല്ലം: കൊട്ടിയം - വെൺമണിച്ചിറ റോഡിൽ തഴുത്തല മുസ്ലിം യു.പി സ്കൂളിന് സമീപം പണിപൂർത്തിയാകാത്ത വീട് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് നാട്ടുകാരുടെ പരാതി. രാത്രികാലങ്ങളിൽ ആൾത്താമസമില്ലാത്ത വീട്ടിൽ അതിക്രമിച്ച് കടക്കുന്ന യുവാക്കളുടെ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് സമീപവാസികളുടെ സ്വൈരജീവിതത്തെ ബാധിക്കുന്നുണ്ട്.
ഇതുവഴി സഞ്ചരിക്കുന്നവരെയും സമീപത്തെ വീടുകളിലുള്ളവരെയും ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. സമീപവാസികൾക്ക് നേരെ വെല്ലുവിളി നടത്തുന്നതായും പരാതിയുണ്ട്. ഇവരുടെ അതിക്രമം മൂലം രാത്രികാലങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാൻ തന്നെ ഭയമാണ്.
ദിവസങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സ്ഥലവാസികൾ വാർഡ് മെമ്പറെയും പൊലീസിനെയും വിവരമറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ആക്ഷേപം. കൊവിഡ് വ്യാപന കാലത്ത് സാമൂഹിക അകലം പാലിക്കാതെയുള്ള യുവാക്കളുടെ മദ്യസേവയിൽ സ്ഥലവാസികൾ ഭീതിയിലാണ്.
പ്രദേശത്ത് പൊലീസ് പട്രോളിംഗ് ഉൾപ്പെടെ ശക്തമാക്കണമെന്നും യുവാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.