തിരുവനന്തപുരം: കഴിഞ്ഞദിവസം ആറ്റിങ്ങലിൽ എക്സൈസ് നടത്തിയ സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയിൽ കേരളത്തിന് പുറത്തേക്ക് അന്വേഷണം. ആന്ധ്രയിൽ നിന്നുളള കഞ്ചാവ് വൻതോതിൽ കേരളത്തിലേക്ക് കടത്തുന്നതായി വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കർണാടകയും ആന്ധ്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് തീരുമാനം. ബംഗളൂരുവും മൈസൂരും കേന്ദ്രീകരിച്ച് മലയാളികളുൾപ്പെട്ട സംഘംവും കടത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ഇതുകൂടാതെ ചില ഉത്തരേന്ത്യൻ ലോബിയും ഇതിന് പിന്നിലുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു.
എക്സൈസ് മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉറവിടത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഇതിനായി കർണാടക, ആന്ധ്ര പൊലീസിന്റെ സഹായം തേടിയതായി എക്സൈസ് അസി. കമ്മിഷണർ അറിയിച്ചു. കേരളത്തിലേക്ക് കടത്തി കൊണ്ടു വന്ന 20 കോടി വില വരുന്ന കഞ്ചാവാണ് ആറ്റിങ്ങൽ കോരാണിയിൽ നിന്ന് ഇന്നലെ പുലർച്ചെ എക്സൈസ് പിടിച്ചെടുത്തത്.
ആന്ധ്രയിൽ നിന്ന് അതിർത്തി കടന്നെത്തിയ ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കേസിൽ എക്‌സൈസ് അറസ്റ്റ് ചെയ്ത പഞ്ചാബ് സ്വദേശികളായ കുൽവന്ത് സിംഗ്, ഝാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവർ കാരിയർമാരെന്നാണ് വിലയിരുത്തൽ. ഇവരെ വിശദമായി ചോദ്യംചെയ്തതോടെയാണ് സംസ്ഥാനത്തിന് പുറത്തുളള സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ബംഗളൂരുവിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതും പരിശോധിക്കും.
വാഹനങ്ങളുടെ കാബിനിലെ രഹസ്യഅറയിൽ കഞ്ചാവ് കടത്തിയ സമാനസ്വഭാവമുള്ള കേസുകളും എക്‌സൈസ് പരിശോധിച്ചു വരികയാണ്.ആന്ധ്രയിലെ ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. മലയാളികൾ നിയന്ത്രിക്കുന്ന കഞ്ചാവ് മാഫിയയാണ് കടത്തിന് പിന്നിലെന്നും സൂചനയുണ്ട്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യക്കച്ചവടം ബെവ്കോ ആപ്പ് മുഖാന്തിരം പരിമിതപ്പെടുത്തിയത് കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പന വർദ്ധിക്കാനിടയാക്കിയിരുന്നു. ബംഗളൂരു, മൈസൂർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന വൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്നത്. ആന്ധ്രപ്രദേശിൽനിന്നാണ് കർണാടക വഴി കഞ്ചാവ് കേരളത്തിലെത്തുന്നത്. കേസിൽ ഇന്നലെ എക്സൈസ് പിടിയിലായ
ലോറി ജീവനക്കാരായ കുൽവന്ത് സിംഗിനെയും കൃഷ്ണയെയും ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം അസി. എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലാകും കേസിന്റെ തുടരന്വേഷണം.