കൊല്ലം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ പിടിയിൽ. പള്ളിമൺ സ്വദേശി മുട്ടക്കാവ് സ്വദേശിനി എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിയെത്തി കൊട്ടിയത്തെ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഭർത്താവിന് കഴിഞ്ഞ മാസം 19ന് ഭക്ഷണം കൊണ്ടെത്തിച്ച ശേഷമാണ് യുവതിയെ കാണാതായത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി മറ്റൊരു യുവതി പൊലീസിനെ സമീപിച്ചത്. യുവതിക്കും യുവാവിനും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ വീതമുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇരുവരും ഒരുമിച്ചാണ് പോയതെന്ന് പൊലീസിന് ബോധ്യപ്പെട്ടിരുന്നു. ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണനല്ലൂർ സി.ഐ യു.പി.വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.