ജില്ലയിലെ 38 പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ശുചിത്വ പദവിയിലേക്ക്
കൊല്ലം: ഖരമാലിന്യ ശേഖരണവും സംസ്‌കരണവും ശാസ്ത്രീയമായി ഉറപ്പാക്കുന്ന ജില്ലയിലെ 38 തദ്ദേശ സ്ഥാപനങ്ങൾ ആദ്യ ഘട്ടത്തിൽ ശുചിത്വ പദവി കൈവരിക്കുന്നു. സെപ്‌തംബർ 10ന് മുമ്പായി 35 പഞ്ചായത്തുകളും മൂന്ന് നഗരസഭകളുമാണ് ശുചിത്വ പദവി കൈവരിക്കുന്നത്. ജില്ലാ കളക്ടർ ചെയർമാനായ മൂല്യനിർണയ സമിതി പരിശോധിച്ച ശേഷമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റ് നൽകുക.
ഖരമാലിന്യ സംസ്‌കരണത്തിൽ 60 ശതമാനം പ്രവർത്തനം പൂർത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങളെയാണ് സമ്പൂർണ ശുചിത്വ പദവിയുടെ ആദ്യ പടിയായി തിരഞ്ഞെടുത്തത്. ശുചിത്വ പദവി മൂല്യനിർണയം നടത്തുന്നതിനായി അഞ്ച് സംഘങ്ങൾ ഇന്ന് മുതൽ 10 വരെ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും. പരിശോധനാ സംഘത്തിന്റെ റിപ്പോർട്ടുകൾ ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ക്രോഡീകരിച്ച് 12ന് മുമ്പായി ജില്ലാതല അവലോകന സമിതി ചെയർമാനായ ജില്ലാ കളക്ടർക്ക് സമർപ്പിക്കും.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, പഞ്ചായത്ത്, നഗരകാര്യ ഗ്രാമവികസന വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, ക്ലീൻ കേരള കമ്പനി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ.
ശുചിത്വ പദവിയിലേക്ക് ഇങ്ങനെ
1. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്‌കരിക്കാൻ സംവിധാനം ഒരുക്കുക
2. അജൈവ മാലിന്യം ഹരിതകർമ്മസേന വഴി സംസ്‌കരിക്കാൻ കൈമാറുക
3. മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതും തടയുക
4. ഉപയോഗ യോഗ്യമായ പൊതു കക്കൂസുകൾ
5. അജൈവമാലിന്യ സംഭരണ കേന്ദ്രങ്ങളുടെ ലഭ്യത
6. മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ എന്നിവയ്‌ക്കെതിരെയുള്ള നിയമ നടപടി
7. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കൽ
തിരഞ്ഞെടുക്കുന്നത്:
60%
പൂത്തിയാക്കിയത്
തിരഞ്ഞെടുത്തവ
പഞ്ചായത്തുകൾ: 38
നഗരസഭകൾ: 3
പുനലൂർ
കൊട്ടാരക്കര
പരവൂർ
റിപ്പോർട്ട് നൽകുന്നത്: 12ന്
''
ഖരമാലിന്യ സംസ്‌കരണത്തിൽ 60 ശതമാനം മികവ് പുലർത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്കാണ് ഇപ്പോൾ ശുചിത്വ പദവി നൽകുന്നത്. ഡിസംബറോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും ശുചിത്വ പദവിയിലേക്ക് ഉയർത്താനാകും. എസ്. ഐസക് ജില്ലാ കോർഡിനേറ്റർ, ഹരിത കേരളം മിഷൻ