car
മാടൻനടയിൽ ഓട്ടത്തിനിടെ എൻജിന് തീപിടിച്ച കാർ

കൊല്ലം: ദേശീയപാതയിൽ കൊല്ലം മാടൻനട ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ എൻജിന് തീപിടിച്ചു. മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങി തീ കെടുത്തിയതിനാൽ കാർ കത്തിനശിച്ചില്ല.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കരിങ്ങന്നൂർ മേലൂട്ട് വീട്ടിൽ നളിനാക്ഷനും മരുമകളും സഹോദരിയുടെ മകനുമാണ് കാറിലുണ്ടായിരുന്നത്. നളിനാക്ഷന്റെ മരുമകളുടെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് കൊല്ലം പി.എസ്.സി ഓഫീസിൽ പോയി വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. മാടൻനടയിലെത്തിയപ്പോൾ മാരുതി റിറ്റ്സ് കാറിന്റെ എൻജിനിൽ നിന്ന് പുക ഉയരുന്നത് കണ്ടു. പെട്ടെന്ന് പുറത്തിറങ്ങി ബോണറ്റ് തുറന്നപ്പോൾ ചെറുതായി തീ കത്തുന്നുണ്ടായിരുന്നു.

തൊട്ടടുത്തുള്ള കച്ചവടക്കാർ കടയിലുണ്ടായിരുന്ന വെള്ളം ഒഴിച്ചെങ്കിലും പൂർണമായും അണഞ്ഞില്ല. പിന്നീട് തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ചാണ് പൂർണമായും കെടുത്തിയത്.