anmd
ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്ന അഞ്ചാലുംമൂട് ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈടെക് കെട്ടിടം

അഞ്ചാലുംമൂട്: പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച ഹൈടെക് കെട്ടിടം ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 33 സ്‌കൂളുകളിലെ ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. ജില്ലയിൽ കൊട്ടാരക്കര ഗവ. മോഡൽ സ്‌കൂൾ, ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവടങ്ങളിലും പണി പൂർത്തിയായ ഹൈടെക് കെട്ടിടങ്ങളും നാളെ ഉദ്ഘാടനം ചെയ്യും.
അഞ്ചാലുംമൂട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അഞ്ച് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ മൂന്ന് നിലകളിലായി 28 ക്ലാസ് മുറികളും രണ്ട് നിലകളിലായി ഹൈടെക് നിലവാരത്തിൽ നിർമ്മിച്ച 12 ടോയ്ലെറ്റുകളും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൂർണമായും ടൈലുകൾ പാകിയ കെട്ടിടത്തിൽ അംഗപരിമിതരായ വിദ്യാർത്ഥികൾക്ക് കയറുന്നതിനായി പ്രത്യേക പാതയുൾപ്പെടെ ഒരുക്കിയിട്ടുണ്ട്.

ഇതോടൊപ്പം എം.മുകേഷ് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നുള്ള 86 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ലബോറട്ടറി ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.