നഗരസഭ അപേക്ഷ ക്ഷണിച്ചിട്ട് മൂന്ന് വർഷം
കൊല്ലം: രണ്ട് മഹാപ്രളയങ്ങളും മഴക്കാലങ്ങളും വന്നുപോയിട്ടും നഗരസഭയുടെ മഴവെള്ള സംഭരണി മാത്രം വന്നില്ല. മഴവെള്ള സംഭരണിക്കായി വാങ്ങിയ കാശെങ്കിലും തിരികെ തരണമെന്ന് ആവശ്യപ്പെട്ട് ചെല്ലുന്ന ഗുണഭോക്താക്കളെ ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയാണ്.
മൂന്ന് വർഷം മുമ്പാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മഴവെള്ള സംഭരണിക്കായി അപേക്ഷ ക്ഷണിച്ചത്. ഏകദേശം 200 ഓളം പേർ അപേക്ഷിച്ചതായാണ് വിവരം. പക്ഷേ അൻപത് അപേക്ഷകളേ ലഭിച്ചുള്ളുവെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ പത്ത് വീടുകളിൽ മാത്രമാണ് സംഭരണി നിർമ്മിച്ചുനൽകിയത്. ഇതിൽ തന്നെ അപേക്ഷയുടെ മുൻഗണനാക്രമം പാലിച്ചില്ലെന്നും പരാതിയുണ്ട്.
സ്ഥാപിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് അടുത്തടുത്തുള്ള പത്ത് വീടുകളായത് കൊണ്ടാണ് മുൻഗണനാക്രമം പാലിക്കാഞ്ഞതെന്നാണ് നഗരസഭയുടെ വിശദീകരണം. രണ്ടര വർഷം മുമ്പ് അപേക്ഷ നൽകിയവർക്ക് പോലും ഇതുവരെ സംഭരണി നിർമ്മിച്ച് നൽകിയില്ല.
വല്ലതും നടക്കുമോ ?
അപേക്ഷകർ തിരക്കി വരുമ്പോൾ ഉടൻ സ്ഥാപിക്കാമെന്ന് പറഞ്ഞ് മടക്കി അയയ്ക്കുന്നുണ്ടെങ്കിലും അതിനുള്ള നീക്കങ്ങളൊന്നും നിലവിൽ നടക്കുന്നില്ല. സർക്കാർ അംഗീകൃത ഏജൻസിക്കാണ് മഴവെള്ള സംഭരണി സ്ഥാപിക്കാനുള്ള ചുമതല. പ്രതീക്ഷിച്ച അപേക്ഷകരില്ലാത്തതിനാൽ അവർ നിർമ്മാണത്തിന് തയ്യാറാകുന്നില്ല. കൂടുതൽ അപേക്ഷകൾ വാങ്ങി പദ്ധതി യാഥാർത്ഥ്യമാക്കാൻ നഗരസഭാ അധികൃതരും ശ്രമിക്കുന്നില്ല.
5 കോടി വെള്ളത്തിൽ
അമൃത് പദ്ധതിയിൽ നിന്ന് മഴവെള്ള സംഭരണിക്കായി നീക്കിവച്ച 5.34 കോടി രൂപ പാഴാകുന്ന ലക്ഷണമാണ്. പദ്ധതിയുടെ കാലാവധി അവസാനിക്കാറായി വരുന്നതിനാൽ ഈ തുക മറ്റ് പദ്ധതികൾക്കായി മാറ്റി ചെലവഴിക്കാനും ഇനി പ്രയാസമാണ്.
13,000 രൂപയാണ് ഒരു സംഭരണി സ്ഥാപിക്കുന്നതിന്റെ ചെലവ്. ഇതിന്റെ മൂന്നിലൊന്ന് ഭാഗം സബ്സിഡിയായി നൽകുന്നതിനാണ് 5.34 കോടി മാറ്റിവച്ചത്. നാലിലൊന്ന് വിഹിതമായ 3,255 രൂപ ഗുണഭോക്താവ് അടച്ചാൽ മതി.
എസ്റ്റിമേറ്റ് തയ്യാറാക്കിയതിലെ പിഴവ് കാരണം ആദ്യഘട്ടത്തിൽ 3,850 രൂപ അപേക്ഷകരിൽ നിന്ന് വാങ്ങിയിരുന്നു. അധികമായി വാങ്ങിയ തുക തിരികെ നൽകാൻ നേരത്തെ തീരുമാനിച്ചെങ്കിലും ഇപ്പോൾ അതിനും തയ്യാറാകുന്നില്ല.
പദ്ധതി ഇങ്ങനെ
പുരപ്പുറത്ത് വീഴുന്ന മഴവെള്ളം പൈപ്പ് ലൈനിലൂടെ വീട്ടുമുറ്റത്ത് സ്ഥാപിക്കുന്ന 500 ലിറ്റർ ടാങ്കിൽ സംഭരിക്കും. ടാങ്ക് നിറഞ്ഞാൽ കിണർ റീ ചാർജിംഗിനായി ഉപയോഗിക്കും. പുരപ്പുറത്ത് നിന്ന് വിവിധ ഘട്ടങ്ങളായുള്ള ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷമാകും മഴവെള്ളം ടാങ്കിലെത്തുക. കിണർ റീ ചാർജിംഗിനായുള്ള കുഴിയിലും ശുദ്ധീകരണ സംവിധാനങ്ങളുണ്ടാകും.
ലക്ഷ്യമിട്ടത് 5500 മഴവെള്ള സംഭരണി
ഇതുവരെ സ്ഥാപിച്ചത് 10 എണ്ണം