photo

കൊല്ലം: കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഹൈടെക് സ്വപ്നം യാഥാർത്ഥ്യമായി, നിർമ്മാണം പൂർത്തീകരിച്ച രണ്ട് ബഹുനില കെട്ടിടങ്ങൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻവഴി ഉദ്ഘാടനം ചെയ്യും. ഒന്നേകാൽ നൂറ്റാണ്ടിന്റെ പെരുമയുള്ള ഈ വിദ്യാലയത്തിലാണ് മുൻ മുഖ്യമന്ത്രി ആർ. ശങ്കറും ഡോ.എം.കൃഷ്ണൻനായരും ഗുരുനിത്യ ചൈതന്യയതിയും പ്രൊഫ.എം.പി.മന്മദനും കാക്കനാടനുമടക്കമുള്ള പ്രമുഖർ പഠിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമാണ് ഇവിടെ ഏർപ്പെടുത്തുന്നത്.

സംവിധാനങ്ങൾ

1894ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. വിദ്യാലയത്തിന് രണ്ടര ഏക്കർ സ്ഥലവും 2.13 ഏക്കർ കളിസ്ഥലവും ഉണ്ട്. സ്റ്റേഡിയത്തിന്റെ നവീകരണം പൂർത്തിയായിട്ടുണ്ട്. കിഫ്ബിയിൽ നിന്നും അഞ്ച് കോടി രൂപ അനുവദിച്ചാണ് ആദ്യഘട്ട കെട്ടിട നിർമ്മാണം നടത്തിയത്. കൈറ്റിന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. പി.ഐഷാപോറ്റി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഹാബിറ്റാറ്റ് നിർമ്മിക്കുന്ന കെട്ടിടസമുച്ചയം പൂർത്തിയായിവരുന്നുണ്ട്. എ.കെ.ആന്റണി എം.പിയുടെ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ക്ളാസ് മുറികളുടെ നിർമ്മാണത്തിന് അനുവദിച്ചിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെയും മറ്റ് വികസന പ്രവർ‌ത്തനങ്ങൾ നടപ്പാക്കുന്നുണ്ട്.

പൂർത്തിയായത്

വി.എച്ച്.എസ്.ഇ വിഭാഗത്തിനായി പുതുതായി നിർമ്മിച്ച മൂന്ന് വലിയ ക്ളാസ് മുറികൾ ഉൾപ്പടെ ഏഴ് ക്ളാസ് മുറികൾ പൂർത്തിയായി. 60 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ളതാണിത്. 40 കുട്ടികൾക്ക് ഇരിക്കാവുന്ന മൂന്ന് ക്ളാസ് മുറികളും ഓഫീസ് മുറിയും പി.ടി.സിയും പൂർത്തിയായിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന് ആറ് ക്ലാസ് മുറികൾ പൂർത്തിയായി.

ഹയർ സെക്കൻഡറിയ്ക്ക് കെട്ടിടമായില്ല

ഹയർ സെക്കൻഡറി വിഭാഗത്തിന് പുതിയ കെട്ടിടം പൂർത്തിയായിട്ടില്ല. പന്ത്രണ്ട് ക്ളാസ് മുറികൾ വേണ്ടിടത്ത് നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിൽ ആറ് ക്ളാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ കെട്ടിടം പൂർത്തിയായെങ്കിൽ മാത്രമേ സ്ഥല പരിമിതി മാറുകയുള്ളൂ.

ഉദ്ഘാടനം ഇങ്ങനെ

നാളെ രാവിലെ 11ന് വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുമെന്ന് പി.ഐഷാപോറ്റി എം.എൽ.എ അറിയിച്ചു. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. സ്കൂളിന്റെ ശേഷിക്കുന്ന നിർമ്മാണ ജോലികളും അടിയന്തരമായി പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. അഞ്ച് കോടി രൂപയുടെ കെട്ടിടം പൂർത്തിയായപ്പോൾ 60 ലക്ഷം രൂപ മിച്ചം വന്നിട്ടുള്ളത് മൂന്ന് ക്ളാസ് മുറി നിർമ്മിക്കുന്നതിനായി ഉപയോഗിക്കും. പുതിയ പ്രവേശന കവാടവും റോഡും ടോയ്ലറ്റ് സംവിധാനങ്ങളുമടക്കം മറ്റെല്ലാ പ്രവർത്തനങ്ങളും ഈ അദ്ധ്യയന വർഷം പൂർത്തിയാകും മുൻപായി പൂർത്തീകരിക്കാനാകുമെന്നും സംഘാടകർ അറിയിച്ചു.