കൊല്ലം: കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ഹൈടെക് സ്വപ്നം യാഥാർത്ഥ്യമായി. നിർമ്മാണം പൂർത്തീകരിച്ച രണ്ട് ബഹുനില കെട്ടിടങ്ങൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒന്നേകാൽ നൂറ്റാണ്ടിന്റെ പെരുമയുള്ള ഈ വിദ്യാലയത്തിലാണ് മുൻ മുഖ്യമന്ത്രി ആർ. ശങ്കറും ഡോ.എം.കൃഷ്ണൻനായരും വേദബന്ധുവും ഗുരുനിത്യ ചൈതന്യയതിയും പ്രൊഫ.എം.പി.മന്മദനും കാക്കനാടനുമുടക്കമുള്ള പ്രമുഖർ പഠിച്ചതെന്ന ഖ്യാതിയുമുണ്ട്.
ഹൈടെക് സംവിധാനങ്ങൾ
1894ൽ ആണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. വിദ്യാലയത്തിന് രണ്ടര ഏക്കർ സ്ഥലവും 2.13 ഏക്കർ കളിസ്ഥലവും ഉണ്ട്. സ്റ്റേഡിയത്തിന്റെ നവീകരണം പൂർത്തിയായി. കിഫ്ബിയിൽ നിന്നും അഞ്ച് കോടി രൂപ അനുവദിച്ചാണ് ആദ്യഘട്ട കെട്ടിട നിർമ്മാണം നടത്തിയത്. കൈറ്റിന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. പി.ഐഷാപോറ്റി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഹാബിറ്റാറ്റ് നിർമ്മിക്കുന്ന കെട്ടിടസമുച്ചയം പൂർത്തിയായിവരുന്നുണ്ട്. എ.കെ.ആന്റണി എം.പിയുടെ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ക്ളാസ് മുറികളുടെ നിർമ്മാണത്തിന് അനുവദിച്ചിട്ടുണ്ട്.
പൂർത്തിയായത്
വി.എച്ച്.എസ്.ഇ വിഭാഗത്തിനായി പുതുതായി നിർമ്മിച്ച മൂന്ന് വലിയ ക്ളാസ് മുറികൾ ഉൾപ്പടെ ഏഴ് ക്ളാസ് മുറികൾ പൂർത്തിയായി. 60 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ളതാണിത്. 40 കുട്ടികൾക്ക് ഇരിക്കാവുന്ന മൂന്ന് ക്ളാസ് മുറികളും ഓഫീസ് മുറിയും പി.ടി.സിയും പൂർത്തിയായിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന് ആറ് ക്ലാസ് മുറികൾ പൂർത്തിയായി. പഴയ കെട്ടിടങ്ങളിൽ ചിലത് അറ്റകുറ്റപ്പണി നടത്തി നിലനിർത്തുന്നുണ്ട്.
ഉദ്ഘാടനം ഇങ്ങനെ
9ന് രാവിലെ 11ന് വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുമെന്ന് പി.ഐഷാപോറ്റി എം.എൽ.എ അറിയിച്ചു. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക്, കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ഐഷാപോറ്റി എം.എൽ.എ, മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള, നഗരസഭ ചെയർപേഴ്സൺ ബി.ശ്യാമളയമ്മ, വൈസ് ചെയർമാൻ ഡി.രാമകൃഷ്ണപിള്ള, പി.ആർ.വി ഗ്രൂപ്പ് ചെയർമാൻ ജി.തങ്കപ്പൻ പിള്ള, നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. അഞ്ച് കോടി രൂപയുടെ കെട്ടിടം പൂർത്തിയായപ്പോൾ 60 ലക്ഷം രൂപ മിച്ചം വന്നത് മൂന്ന് ക്ളാസ് മുറി നിർമ്മിക്കുന്നതിനായി ഉപയോഗിക്കും. പുതിയ പ്രവേശന കവാടവും റോഡും ടോയ്ലറ്റ് സംവിധാനങ്ങളുമടക്കം നിർമ്മിക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ബി.സനൽകുമാർ, നഗരസഭ ചെയർപേഴ്സൺ ബി.ശ്യാമള അമ്മ, പ്രിൻസിപ്പൽ ആർ.പ്രദീപ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബെൻസി ആന്റണി, ഹെഡ്മിസ്ട്രസ് എസ്.സുഷമ, എസ്.ആർ.രമേശ്, സതീഷ് ചന്ദ്രൻ, പി.കെ.വിജയകുമാർ എന്നിവർ പങ്കെടുത്തു.