കൊല്ലം: സ്വർണ കള്ളക്കടത്തുകാരെ സഹായിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ചവറ ഇടപ്പള്ളിക്കോട്ടയിൽ ഉപവാസം നടത്തി. സംസ്ഥാന വ്യാപകമായി ജില്ലാ പ്രസിഡന്റുമാർ നടത്തിയ ഉപവാസനത്തിന്റെ ഭാഗമായാണ് കൊല്ലത്തും സമരം നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമൻ നായർ ഉദ്ഘാടനം ചെയ്തു. പന്മന ആശ്രമത്തിലെ ചട്ടമ്പിസ്വാമി പ്രതിമയ്ക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് ഉപവാസം തുടങ്ങിയത്. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് അദ്ദേഹം ബി.ബി. ഗോപകുമാറിന് നാരങ്ങാ നീര് നൽകി. ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, എം.സുനിൽ, വെറ്റമുക്ക് സോമൻ, ലതാ മോഹൻ, മന്ദിരം ശ്രീനാഥ്, രൂപാ ബാബു, വിഷ്‌ണു പട്ടത്താനം, നിയോജകമണ്ഡലം പ്രസിഡന്റുമാരായ അജയൻ ചേനക്കര, കെ.ആർ. രാജേഷ്, പ്രതീഷ്‌കുമാർ, സാം രാജ് എന്നിവർ സംസാരിച്ചു.