അഞ്ചൽ: ആർ.ഒ. ജംഗ്ഷനിലെ ശബരിഗിരി ആശുപത്രിക്ക് മുകളിലൂടെ കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ആശുപത്രിയ്ക്ക് സമീപത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസ് കോമ്പൗണ്ടിൽ നിന്ന കൂറ്റൻ മരമാണ് വീണത്.ആശുപത്രി കെട്ടിടത്തിന്റെ മുൻവശത്തെ ഭിത്തികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഗ്ലാസുകൾ തകരുകയും ചെയ്തു. ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി ആശുപത്രി അധികൃതർ പറ‌ഞ്ഞു. ദീർഘനാളായി ഫോറസ്റ്റ് കോമ്പൗണ്ടിൽ അപകടസ്ഥിതിയിൽ നിന്ന മരമാണ് വീണത്.നാട്ടുകാരും പുനലൂരിൽ നിന്നും ഫയർഫോഴ്സും എത്തിമരം മുറിച്ചുമാറ്റുകയായിരുന്നു. നേരത്തേ തന്നെ ഈ മരം മുറിച്ച് മാറ്റുന്നതിന് ഫോറസ്റ്റ് അധികൃത‌ർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. ഫോറസ്റ്റ് അധികൃതരുടെ നിസംഗതയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.