കൊല്ലത്ത് 1,011 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു
കൊല്ലം: സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് രണ്ടുലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലാ തല പട്ടയ മേളയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 1. 5 ലക്ഷം പട്ടയങ്ങൾ കൊടുത്തുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ആറ് താലൂക്കുകളിലെ പട്ടയങ്ങളാണ് ഇന്നലെ വിതരണം ചെയ്‌തത്. കൊല്ലത്ത് 1,011 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്.
കൊല്ലം താലൂക്കിലെ പട്ടയ വിതരണം മന്ത്രി.ജെ. മേഴ്‌സിക്കുട്ടിഅമ്മയും പുനലൂരിൽ മന്ത്രി കെ. രാജുവും നിർവഹിച്ചു. കൊട്ടാരക്കരയിൽ മുല്ലക്കര രത്‌നാകരൻ, കരുനാഗപ്പള്ളിയിൽ ആർ. രാമചന്ദ്രൻ, കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എന്നീ എം.എൽ.എമാർ ഉദ്ഘാടനം നിർവഹിച്ചു.
കൊല്ലത്തെ ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുത്തു.