മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം നിർവഹിച്ചു
കൊല്ലം: സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്) വഴി മത്സ്യത്തൊഴിലാളി വനിതകളുടെ ഉന്നമനത്തിനായി ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച അഷ്ടമുടി പദ്ധതിയുടെ രണ്ടാംഘട്ടമായ അപ്പാരൽ പാർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. കാഞ്ഞിരകോട് പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വസ്ത്ര നിർമ്മാണം വർദ്ധിക്കുന്നത് അനുസരിച്ച് മൂന്ന് ഷിഫ്ട് വരെ പ്രവർത്തിക്കാനാകും. കുണ്ടറ സെറാമിക്‌സിലെ ഷോറൂമിൽ വസ്ത്രങ്ങൾ പ്രദർശിപ്പിച്ച് വില്പനയ്ക്ക് സൗകര്യമൊരുക്കും. വസ്ത്രം ആധുനികമായി ഡിസൈൻ ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനും സംവിധാനമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
പാർക്ക് കെട്ടിടത്തിൽ നടന്ന ചടങ്ങിൽ കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് കെ .ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെൽസൺ, കയർഫെഡ് ഡയറക്ടർ ബോർഡംഗം എസ്.എൽ. സജികുമാർ, പഞ്ചായത്തംഗം ജി. ജയലക്ഷ്മി, ലീഡ് ബാങ്ക് ജില്ലാ മാനേജർ റീന സൂസൻ ചാക്കോ, കേരളപുരം ഇന്ത്യൻ ബാങ്ക് മാനേജർ കെ. രാജീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ. നൗഷർഖാൻ തുടങ്ങിയവർ പങ്കെടുത്തു.