കൊല്ലം : പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിനോടുവിൽ കുഞ്ഞൻ സത്യന് സ്വന്തം ഭൂമിയായി. ഇളമാട് പഞ്ചായത്തിലെ വേങ്ങൂർ മലയിലെ 50 സെന്റ് ഭൂമിയാണ് സംസ്ഥാന സർക്കാരിന്റെ പട്ടയമേളയിലൂടെ കുഞ്ഞൻ സത്യന് ലഭിച്ചത്. സ്വന്തം ഭൂമിക്കായി കുഞ്ഞൻ സത്യൻ കയറിയിറങ്ങാത്ത ഓഫീസുകളില്ല അനുഭവിക്കാത്ത ദുരിതങ്ങളും. ഒടുവിൽ സ്വപ്നം യാഥാർഥ്യമാകുമ്പോൾ സംസ്ഥാന സർക്കാരിനോടും സ്ഥലം എം .എൽ. എ മുല്ലക്കര രത്നാകരനോടും വലിയ കടപ്പാടിന്റെ നിറ പുഞ്ചിരിയാണ് ഇദ്ദേഹത്തിന് നൽകാനുള്ളത്.
വേങ്ങൂർ മലയിലെ നിയമ പോരാട്ടം
ചരിത്രം സൃഷ്ടിച്ച സമര പോരാട്ട കഥയാണ് വേങ്ങൂർ മലയ്ക്കുള്ളത്. വേങ്ങൂർ മലയിലെ 64.55 ഹെക്ടർ കൃഷിയുക്ത വനഭൂമി 1970 ൽ റവന്യൂ വകുപ്പിന് കൈമാറി. 1974 ൽ ഈ ഭൂമി 75 വിമുക്ത ഭടൻമാർക്ക് നൽകാൻ ഭരണകൂടം തീരുമാനിച്ചു. എന്നാൽ 500 ലധികം കുടുംബങ്ങൾ മലയിലെ റവന്യൂ ഭൂമി കയ്യേറി താമസം ആരംഭിച്ചിരുന്നു. ഇവരെ ഒഴിപ്പിച്ചു ഭൂമി വീണ്ടെടുക്കാൻ സാധിക്കാതെ വന്നു. ഇതേ തുടർന്ന് 23 വിമുക്ത ഭടന്മാർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. 23 പേർക്കും വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തെ തുടർന്നാണ് പട്ടയം ലഭിക്കുന്നത്. ഇതിൽ ആറ് പേരുടെ പട്ടയം മുൻപ് വിതരണം ചെയ്തിരുന്നു. ബാക്കിയുള്ള 17 പേർക്കാണ് ഇപ്പോൾ പട്ടയം ലഭിച്ചിരിക്കുന്നത്.
മുല്ലക്കര രത്‌നാകരൻ എം എൽ എ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനുമായി നടത്തിയ നിരന്തര ചർച്ചകൾക്ക് ഒടുവിലാണ് വേങ്ങൂർ മലയിലെ 674 കൈവശക്കാർക്കും 17 വിമുക്തഭടന്മാർക്കും ഭൂമി നൽകാൻ തീരുമാനമായത്. വേങ്ങൂർ മലയിൽ താമസിക്കുന്നവർക്ക് അഞ്ച് സെന്റ് മുതൽ രണ്ട് ഏക്കർ വരെ ഭൂമിയാണ് നൽകുന്നത്. ആകെ 155 ഏക്കർ ഭൂമിയാണ് വിതരണം ചെയ്യുന്നത്. മന്ത്രിസഭാ തീരുമാനമുണ്ടായി ഒരു മാസത്തിനുള്ളിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടയ വിതരണം നടത്തുന്നത്.