കൊല്ലം: കിടപ്പാടം ലഭിച്ച സന്തോഷത്തിൽ മനംനിറഞ്ഞാണ് വാടി സ്വദേശികളായ വിൻസെന്റും ഭാര്യ ജെസിയും ഇന്നലെ കളക്ടറേറ്റിൽ നിന്ന് മടങ്ങിയത്. രണ്ട് സെന്റ് ഭൂമിയും വീട് വയ്ക്കാൻ നാല് ലക്ഷം രൂപയുമാണ് കളക്ടറേറ്റിൽ നടന്ന പട്ടയ വിതരണത്തിലൂടെ ഇവർക്ക് ലഭിച്ചത്. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ കൈയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങുമ്പോൾ ആ വൃദ്ധ ദമ്പതികളുടെ മുഖത്ത് അടക്കാനാകാത്ത സന്തോഷം പ്രകടമായിരുന്നു.
പോർട്ട് ഓഫീസിനായി സ്ഥലം ഏറ്റെടുത്തപ്പോൾ തങ്ങളുടെ ചെറിയ ഷീറ്ര് മേഞ്ഞ വീട് ഇവർ വിട്ടുനൽകിയിരുന്നു. തങ്ങളുടെ ആവശ്യപ്രകാരം കല്ലേലിവയൽ പുരയിടത്തിലെ ഫിഷറീസ് വകുപ്പിന്റെ സ്ഥലം തന്നെ വീട് വയ്ക്കാൻ ലഭിച്ചതിൽ വിൻസെന്റും കുടുംബവും സർക്കാരിന് നന്ദി അറിയിച്ചാണ് കളക്ടറേറ്റിന്റെ പടിയിറങ്ങിയത്.
കാഴ്ചശേഷി കുറവായ തനിക്കും കുടുംബത്തിനും ക്ഷേമ പെൻഷനുകൾ കൃത്യമായി ലഭിക്കുന്നത് ഏറെ സഹായകരമാണെന്ന് വിൻസെന്റ് പറഞ്ഞു. ജില്ലയിൽ ഇന്നലെ നടന്ന പട്ടയ മേളയിൽ 1011 പേർക്കാണ് പട്ടയം അനുവദിച്ചത്.