kuzhuppil-eala
കുഴുപ്പിൽ പാടശേഖരത്തിലെ നെൽകൃഷി വെള്ളം കയറി നശിച്ച നിലയിൽ

ചാത്തന്നൂർ: കഴിഞ്ഞ മാസത്തെ കാലവർഷക്കെടുതിയിൽ ഭാഗികമായി കൃഷി നശിച്ച ചിറക്കര പഞ്ചായത്തിലെ കുഴുപ്പിൽ ഏലാ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മുങ്ങി. കാലവർഷം അവശേഷിപ്പിച്ച കൊയ്ത്തിന് പാകമായ നെൽക്കതിരുകൾ ഇപ്പോൾ പൂർണമായും നശിച്ചു. വെള്ളമൊഴുകി പോകാനുള്ള സൗകര്യമില്ലാത്തതാണ് പാടശേഖരം മുങ്ങാൻ കാരണമെന്ന് കർഷകർ ആരോപിച്ചു.

നിലങ്ങൾ തരിശ് രഹിതമാക്കാനുള്ള സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹായ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം നിലങ്ങളിലും കർഷകർ കൃഷിയിറക്കിയത്. നിനച്ചിരിക്കാതെ മഴ പെയ്തതോടെ ഭാരിച്ച നഷ്ടം സഹിക്കേണ്ട അവസ്ഥയിലാണ് കർഷകർ. വിത്തും വളവും കൂലി ചെലവും ഉൾപ്പെടെ ഓരോ കർഷകരും ഏക്കറിന് മുപ്പതിനായിരം രൂപയ്ക്ക് മേൽ ചെലവഴിച്ചു.

പലരും പലിശയ്ക്കെടുത്തും ബാങ്ക് വായ്‌പ വാങ്ങിയുമാണ് കൃഷിയിറക്കിയത്. കൃഷിഭവൻ വഴി ഇൻഷുറൻസ് എടുത്തെങ്കിലും ഇൻഷുറൻസ് തുക പോലും ലഭിക്കുന്ന കാര്യം കർഷകർക്ക് ഉറപ്പില്ല. പ്രകൃതിക്ഷോഭം മൂലമുള്ള കൃഷി നാശത്തിന് കൃഷി വകുപ്പ് മുഖേന സമീപിച്ചാൽ അപേക്ഷാചെലവ് പോലും പലപ്പോഴും ലഭിക്കാറില്ല.

 സൗകര്യങ്ങളുടെ അഭാവം വിനയായി

സുഭിക്ഷ കേരളം പദ്ധതിക്കായി ലക്ഷങ്ങൾ ചെലവിടുമ്പോൾ പാടശേഖരങ്ങളുടെ അടിസ്ഥാന വികസന സൗകര്യങ്ങൾ കൂടി ഒരുക്കാൻ അധികൃതർ തയ്യാറാവണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഏലാകളിൽ തോടുകളും ബണ്ടുകളും ഇല്ലാത്തതും ഉള്ള തോടുകൾ കൈയേറി നികത്തിയതിലൂടെയും ചിറക്കര പഞ്ചായത്തിലെ മിക്ക ഏലാകളും മഴ മാനത്ത് കണ്ടാൽ വെള്ളക്കെട്ടിലാകും. പഞ്ചായത്തിലെ മുഴുവൻ റവന്യൂ വക തോടുകളും അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കാനും തോടുകൾക്ക് ആഴം കൂട്ടാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.