covid

കൊല്ലം : സ്വകാര്യ - സഹകരണ ആശുപത്രികളിൽ അടിയന്തര ചികിത്സ തേടിയെത്തുന്നവർക്കായി താത്കാലിക ഐ.സി.യു തയ്യാറാക്കാൻ ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ നിർദേശം നൽകി. നൂറ് കിടക്കകളിൽ കൂടുതൽ സൗകര്യമുള്ള ആശുപത്രികൾക്കാണ് ഇത് ബാധകം. ജില്ലയിലെ ചില സ്വകാര്യ ആശുപത്രികളിൽ കൊവിഡിന്റെ പേരിൽ ചികിത്സാനിഷേധം നടക്കുന്നെന്ന പരാതികൾക്കിടയിലാണ് ജില്ലാ ഭരണകൂടത്തിന്റെ കർശന ഇടപെടൽ. അടിയന്തര ചികിത്സ തേടിയെത്തുന്നവരുടെ കൊവിഡ് പരിശോധനാഫലം വരുന്നതുവരെ ആശുപത്രികളിലെ സ്ഥിരം ഐ.സി.യുവിൽ പ്രവേശിപ്പിക്കാതെ ഉടൻ ചികിത്സ നൽകാനാണ് താത്കാലിക ഐ.സി.യു. ഹൃദയസ്‌തംഭനം ഉൾപ്പെടെ അടിയന്തര വൈദ്യസഹായം ലഭിക്കേണ്ടിടത്തുപോലും കൊവിഡ് ടെസ്റ്റിന്റെ ഫലം കാത്തിരിക്കുന്നുണ്ടെന്ന പരാതി ജില്ലാ ആശുപത്രി സൂപ്രണ്ട് കളക്ടറെ ബോദ്ധ്യപ്പെടുത്തി.

സ്ഥിതി ഗുരുതരമായതിന് ശേഷം രോഗിയെ സർക്കാർ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കെത്തിച്ച സംഭവങ്ങളുമുണ്ടായി. ചികിത്സാ നിഷേധം പതിവാകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിട്ടുവീഴ്ചയില്ലാത്ത ഇടപെടലിലേക്ക് കാര്യങ്ങൾ പോയത്. രോഗിയുമായി സമ്പർക്കമുള്ളവർ, കണ്ടെയ്മെന്റ് സോണിൽ നിന്ന് വരുന്നവർ, കേരളത്തിന് പുറത്ത് നിന്നെത്തി 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കാത്തവർ, ഇൻഫ്ലുവൻസ ലക്ഷണം പ്രകടിപ്പിക്കുന്നവർ തുടങ്ങിയവരെ താത്കാലിക ഐ.സി.യുകളിൽ പ്രവേശിപ്പിക്കണം.

നിർദ്ദേശങ്ങൾ

1, ഗുരുതര രോഗങ്ങൾ ബാധിച്ചെത്തുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ തുടർ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിൽ ഐ.സി.യു വാർഡ് ഒരുക്കണം.

2 കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിന് അംഗീകാരം ലഭിച്ച സ്വകാര്യ ആശുപത്രികളിൽ പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ചാൽ അവിടെ തന്നെ ചികിത്സാ സൗകര്യം ഒരുക്കണം.

3 രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ ആശുപത്രിയിൽ ഉടൻ അണുനശീകരണം നടത്തണം. ഇതിനായി മുഴുവൻ സമയം പ്രവർത്തിക്കുന്ന ഇൻഫെക്ഷൻ കൺട്രോൾ സംഘം രൂപീകരിക്കണം.

4 ഗുരുതര സാഹചര്യങ്ങളിൽ രോഗിയെ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വന്നാൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി വാങ്ങണം.

5 സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളിൽ സസ്‌പെക്ട് വാർഡ്, സസ്‌പെക്ട് ഐ.സി.യു, കൺഫേംഡ് വാർഡ്, കൺഫേംഡ് ഐ.സി.യു എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങൾ തിരിച്ച് രോഗികൾക്ക് ചികിത്സ നൽകണം.

6 സ്വകാര്യ - സഹകരണ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് വിധേയരാകുന്നവരിൽ നിന്ന് സർക്കാർ നിശ്ചയിച്ച ഫീസ് നിരക്ക് മാത്രമേ ഈടാക്കാവൂ.