തിരുവനന്തപുരം: ആറ്റിങ്ങലിലെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് തെക്കൻ കേരളത്തിലെ കഞ്ചാവ് കിംഗ് ആയ ചിറയിൻകീഴ് സ്വദേശി ജയൻ, വടകര സ്വദേശി ആബേഷ് എന്നിവർക്കുവേണ്ടി ഊർജ്ജിത അന്വേഷണം. ഇവർക്ക് വേണ്ടിയാണ് കഞ്ചാവ് തിരുവനന്തപുരത്തെത്തിച്ചതെന്നും ഇയാളാണ് തലസ്ഥാനത്തെ ഇടപാടുകൾ നിയന്ത്രിക്കുന്നതെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. നിലവിൽ തിരിച്ചറിഞ്ഞ പ്രതികളുടെ ഫോൺ വിവരങ്ങളെല്ലാം എക്സൈസ് പരിശോധിച്ചുവരികയാണ്. പ്രതികളുടെ ബാങ്ക് ഇടപാടുകൾ ശേഖരിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘം ബംഗളൂരുവിലേക്ക് പോകും.
ആറ്റിങ്ങൽ കോരാണിയിൽ നിന്ന് 20 കോടി രൂപ വിലവരുന്ന അഞ്ഞൂറ് കിലോ കഞ്ചാവ് പിടിച്ച സംഭവത്തിലാണ് എക്‌സൈസ് അന്വേഷണം ഊർജിതമാക്കിയത്. ഹൈദരാബാദ്, ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വലിയ തോതിൽ കഞ്ചാവെത്തുന്നുവെന്നാണ് കണ്ടെത്തൽ.
കഞ്ചാവ് സൂക്ഷിക്കാൻ മൂന്ന് ജില്ലകളിൽ ഗോഡൗൺ പ്രവർത്തിക്കുന്നുവെന്നും എക്‌സൈസ് അന്വേഷണത്തിൽ കണ്ടെത്തി.
കേരളത്തിലേക്ക് കഞ്ചാവ് അയയ്ക്കുന്നത് രാജു ഭായ് എന്ന പഞ്ചാബ് സ്വദേശിയാണ്. ഹൈദരബാദ് കേന്ദ്രീകരിച്ചുള്ള കച്ചവടക്കാരനാണ് ഇയാൾ. തൃശൂർ സ്വദേശി സെബുവാണ് കേരളത്തിൽ ഇടപാടിന് മേൽനോട്ടം വഹിക്കുന്നത്. ഇയാളാണ് കേരളത്തിലെ ഏജന്റുമാരിൽ നിന്നും പണം പിരിച്ച് രാജു ഭായിയിലേക്ക് എത്തിക്കുന്നത്. പ്രതികളെല്ലാം ഒളിവിലാണെന്ന് എക്‌സൈസ് വെളിപ്പെടുത്തി.
കഞ്ചാവുമായി അതിർത്തി കടന്നെത്തുന കണ്ടെയ്‌നർ ലോറികൾക്ക് സഹായം നൽകുന്നത് ജിതിൻ രാജ് എന്നയാളാണ്. കഞ്ചാവ് പിടികൂടിയത് മുതൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും എക്‌സൈസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് തിരുവനന്തപുരം അസി. എക്‌സൈസ് കമ്മിഷണറും സംഘവും നടത്തുന്നത്.