കൊല്ലം: പത്തനംതിട്ടയിൽ കൊവിഡ് ബാധിതയായ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ ആംബുലൻസ് ഡ്രൈവർ കായംകുളം സ്വദേശി നൗഫലിനെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞദിവസം കോടതി റിമാൻഡ് ചെയ്ത ഇയാൾ കൊല്ലത്തെ ജയിൽവകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലാണ്. കൊലപാതകക്കേസിലുൾപ്പെടെ പ്രതിയായ ഇയാളുടെ മുൻകാല ചെയ്തികളെയും സമാന നിലയിലുള്ള കുറ്റകൃത്യങ്ങളെയും പറ്റി വിശദമായി മനസിലാക്കാനാണ് കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് പന്തളം പൊലീസ് അറിയിച്ചു. പന്തളത്തെ കൊവിഡ് ചികിത്സാകേന്ദ്രത്തിലായിരുന്ന പീഡനത്തിനിരയായ പെൺകുട്ടിയെയും അമ്മയേയും കോട്ടയം മെഡിക്കൽ കോളേജിലെ കൗൺസലിംഗ് സെന്ററിലേക്ക് മാറ്റി. കാര്യമായ മാനസികാഘാതമുള്ളതിനാലാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു.
കുട്ടിയെ പരിചരിക്കാനായി പ്രത്യേകം സ്റ്റാഫ് നഴ്സിനെയും ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരും മെഡിക്കൽകോളേജിലേക്ക് എത്തി.
പെൺകുട്ടിയെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫോണിൽ വിളിച്ചു. ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ധൈര്യമായിരിക്കാനും എല്ലാവിധ സഹായത്തിനും ഒപ്പമുണ്ടാകുമെന്നും പറഞ്ഞു.സംഭവത്തിൽ അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
നൗഫലിനെ കഴിഞ്ഞദിവസം ആറന്മുളയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആറന്മുളയിൽ നിന്നും പന്തളത്തേക്കുള്ള വഴിയിൽ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തിന് എതിർവശത്തായി നാൽക്കാലിക്കൽ പാലത്തെ ഒഴിഞ്ഞ പറമ്പിലെത്തിച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.
പത്തനംതിട്ട എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.