കൊല്ലം: ക്വാറന്റൈനിലായിരുന്ന സ്ത്രീയെ സർട്ടിഫിക്കറ്റ് നൽകാനെന്ന പേരിൽ വീട്ടിൽ വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കൊല്ലം കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിനെയാണ് (44) ആരോഗ്യമന്ത്രിയുടെ നിർദേശാനുസരണം സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം കല്ലറ പാങ്ങോട് ഭരതന്നൂർ ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന കൊല്ലം ചിതറ മാങ്കോട് മതിര പോങ്ങുവിള വീട്ടിൽ പ്രദീപ് കുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് . മലപ്പുറത്ത് വീട്ടുജോലിക്ക് പോയി തിരികെയെത്തിയ 44 കാരിക്ക് ക്വാറന്റൈന് ശേഷം കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
സർട്ടിഫിക്കറ്റിനായി പ്രദീപ് കുമാറിനെ വിളിച്ചപ്പോൾ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഭരതന്നൂരിലെ വീട്ടിലെത്തിയ സ്ത്രീയെയാണ് പിറ്റേന്ന് രാവിലെ വരെ പ്രദീപ് പീഡനത്തിനിരയാക്കിയത്. ഒച്ചവച്ചാൽ ക്വാറന്റൈൻ ലംഘനത്തിന് പൊലീസ് കേസെടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും വായിൽ തുണി തിരുകിയുമായിരുന്നു പീഡനം. അടുത്തദിവസം പ്രദീപ് കുമാർ വിട്ടയച്ചശേഷമാണ് ഇവർ സംഭവത്തെപ്പറ്റി പരാതി നൽകിയത്. പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദീപിനെയും പരിശോധനയ്ക്ക് വിധേയനാക്കി. ഇരുവരെയും സംഭവം നടന്ന വീട്ടിൽ വെവ്വേറെ എത്തിച്ച് തെളിവെടു
ത്തു. പ്രദീപ് കുമാറിന്റെ ക്രിമിനൽ പശ്ചാത്തലത്തെപ്പറ്രി വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
അംഗൻവാടി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാളുടെ പേരിൽ കേസുണ്ട്. കൊവിഡ് രോഗികളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് പൊലീസിന് അധിക ചുമതല നൽകിയ തീരുമാനത്തിനെതിരെ ഇയാളുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കേസിൽ കൂടുതൽ അന്വേഷണത്തിനായി പ്രദീപിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് വെളിപ്പെടുത്തി.