ഉദ്യോഗസ്ഥരും തടവുകാരും രോഗമുക്തർ
കൊല്ലം: കൊവിഡ് അതിവ്യാപനത്തെ തുടർന്ന് ഒരു ഘട്ടത്തിൽ ക്ലസ്റ്ററായി മാറിയ കൊല്ലം ജില്ലാ ജയിൽ രോഗമുക്തി നേടി. ജയിലിലെ 126 തടവുകാർക്കും സൂപ്രണ്ട് ഉൾപ്പെടെ 23 ജീവനക്കാർക്കുമായിരുന്നു കൊവിഡ് ബാധിച്ചത്. രോഗബാധിതരെ മെഡിക്കൽ കോളേജിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലുമായി മാറ്റിയതോടെ നാല് തടവുകാർ മാത്രമായിരുന്നു ജില്ലാ ജയിലിൽ ഉണ്ടായിരുന്നത്. നിലവിൽ ജീവനക്കാരെല്ലാവരും രോഗമുക്തി നേടി തിരികെ ജോലിയിൽ പ്രവേശിച്ചു. രോഗബാധിതരായിരുന്ന തടവുകാരിൽ മിക്കവരും ജാമ്യം നേടി പുറത്തിറങ്ങി. 86 തടവുകാരാണ് ഇപ്പോൾ ജയിലിലുള്ളത്. രോഗവ്യാപന കാലത്ത് അടച്ച ജയിൽ അടുക്കള തുറന്നതിനാൽ ജയിൽ ജീവനക്കാർക്കും തടവുകാർക്കും ഇവിടെയാണ് ഭക്ഷണം തയ്യാറാക്കുന്നത്.
കൊവിഡ് വ്യാപനം തുടങ്ങിയ ഘട്ടം മുതൽ കർശന നിരീക്ഷണങ്ങളോടെയായിരുന്നു ജയിലിൽ തടവുകാരെ പ്രവേശിപ്പിച്ചിരുന്നത്. എല്ലാ പ്രതിരോധങ്ങളെയും മറികടന്ന് ജയിലിൽ കൊവിഡ് വ്യാപനം ഉണ്ടായത് തിരുവനന്തപുരം സ്വദേശിയായ ജയിൽ ജീവനക്കാരനിൽ നിന്നാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.
റിമാൻഡ് തടവുകാർക്ക് താത്കാലിക ജയിൽ
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മജിസ്ട്രേറ്റ് കോടതികൾ റിമാൻഡ് ചെയ്യുന്ന തടവുകാരെ ആദ്യം പ്രവേശിപ്പിക്കുന്നത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ സജ്ജമാക്കിയ താത്കാലിക ജയിലിലാണ്. ഇവിടുത്തെ ഒരു ഫ്ലോറിലെ 12 മുറികളിലാണ് തടവുകാരെ പാർപ്പിക്കുന്നത്. ദിവസം ശരാശരി 25 പേർ റിമാൻഡ് തടവുകാരായി എത്താറുണ്ട്. അതിനാൽ ആശുപത്രിയിലെ ചെറിയ ഒരു മുറിയിൽ പലപ്പോഴും എട്ടിലധികം തടവുകാർ ഉണ്ടാകും. ഇവരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി അസുഖമില്ലെന്ന് സ്ഥിരീകരിച്ച ശേഷമേ നിരീക്ഷണ ജയിലുകളിലേക്ക് മാറ്റുകയുള്ളൂ. കൊട്ടാരക്കര, മാവേലിക്കര ജയിലുകൾ ഇത്തരം നിരീക്ഷണ ജയിലുകളാണ്. ഇവിടെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റും.
ചപ്പാത്തിയും ബിരിയാണിയും ഉടനെത്തും
ജയിലിലെ രോഗവ്യാപനത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന ചപ്പാത്തി, ബിരിയാണി എന്നിവയുടെ വിപണനം വൈകാതെ പുനരാരംഭിക്കും. ജയിലിന് മുന്നിലെ ഔട്ട്‌ലെറ്റിലൂടെ വിലക്കുറവിൽ ഗുണമേന്മയേറിയ ഭക്ഷണം കിട്ടാൻ കാത്തിരിപ്പ് ഏറെ വേണ്ടിവരില്ല.
''
ജില്ലാ ജയിലിലെ ജീവനക്കാരും തടവുകാരും രോഗമുക്തരായി. ജയിലിൽ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ വിപണനം വൈകാതെ പുനരാരംഭിക്കും.
സൂപ്രണ്ട്, കൊല്ലം ജില്ലാ ജയിൽ