കൊല്ലം: അന്യസംസ്ഥാന തൊഴിലാളികൾക്ക് സർക്കാരിൽ നിന്നും വിവിധ വകുപ്പുകളിൽ നിന്നും ലഭിച്ച സഹായങ്ങൾ ലോക്ക് ഡൗൺ ഇളവുകളിൽ ഇല്ലാതായതോടെ തൊഴിലാളി ക്യാമ്പുകളിൽ അരക്ഷിതാവസ്ഥ. തൊഴിലില്ലായ്മയും സാമ്പത്തിക പരാധീനതയും സൃഷ്ടിച്ച മാനസിക പിരിമുറുക്കം ലഹരി ഉപയോഗത്തിലേക്ക് ഇവരെ തള്ളിവിട്ടിരിക്കുകയാണ്.
തൊഴിൽ സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി പ്രവർത്തന സജ്ജമായെങ്കിലും പഴയപോലെ തൊഴിൽ സുരക്ഷിതത്വമോ വേതനമോ ലഭിക്കുന്നില്ല. ഇതോടെ ഇവരിൽ പലരും അർദ്ധ പട്ടിണിയിലാണ്. ലോക് ഡൗണിന്റെ തുടക്കത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ തദ്ദേശ സ്ഥാപനങ്ങൾ എത്തിച്ചുനൽകിയുന്നു. ഇതിപ്പോൾ ഇല്ലാതായി. തൊഴിൽ ശാലകൾ തുറന്നെങ്കിലും നിർമ്മാണ മേഖലയിലും ഇഷ്ടിക കളങ്ങളിലും കശുഅണ്ടി ഫാക്ടറികളിലും ഹോട്ടലുകളിലും മുമ്പുണ്ടായിരുന്നതിന്റെ നാലിലൊന്നുപേർക്കുപോലും ജോലിയില്ല.
ഉള്ളവർക്ക് തൊഴിലുടമകൾ വല്ലപ്പോഴും നൽകുന്ന തുകയാണ് ആശ്രയം. വിദേശത്ത് നിന്നുള്ള പണത്തിന്റെ വരവ് കുറഞ്ഞത് നിർമ്മാണ മേഖലയെയും തളർത്തി. തൊഴിലുടമയുടെയും അയൽവാസികളുടെയും മറ്റും റേഷൻ വാങ്ങിയാണ് പലരും കഞ്ഞി കുടിക്കുന്നത്. ജോലിയില്ലാതെ ക്യാമ്പുകളിൽ തങ്ങുന്നവരിലാണ് ലഹരി ഉപയോഗം വർദ്ധിച്ചിരിക്കുന്നത്.
ഓണത്തിനിടെ തഴവ പാവുമ്പയിൽ ബംഗാളി സ്ത്രീയെ സഹോദരൻ കൊലപ്പെടുത്താനിടയായത് പരിധിവിട്ട മദ്യപാനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളിലാണ്. കൊവിഡ് വ്യാപനം വ്യാപകമായിട്ടും തൊഴിലാളി ക്യാമ്പുകളിലേക്ക് എത്തിനോക്കാൻ തദ്ദേശ സ്ഥാപനങ്ങളോ തൊഴിൽ വകുപ്പോ പൊലീസ് - എക്സൈസ് വിഭാഗങ്ങളോ തയ്യാറായിട്ടില്ല.
ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾ
ആകെ: 15,000
സ്വദേശത്തേക്ക് മടങ്ങിയവർ: 7,860
ജില്ലയിലുള്ളവർ: 8,000