അഞ്ചാലുംമൂട്: തൃക്കരുവയിൽ വോട്ടർപട്ടികയിൽ നിന്ന് ക്രമവിരുദ്ധമായി പേരുകൾ നീക്കം ചെയ്യുന്നതായി കോൺഗ്രസ് തൃക്കരുവ മണ്ഡലം കമ്മിറ്റിയുടെ ആരോപണം. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ വോട്ടർപട്ടികയിലുള്ളവരെ കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള ശ്രമമാണ് ഇലക്ടറൽ ഓഫീസർ കൂടിയായ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു.
വടക്കേക്കര വാർഡിൽ മാത്രം നൂറോളം പേരെ ഇത്തരത്തിൽ നീക്കം ചെയ്യുന്നതായുള്ള അറിയിപ്പ് സാധാരണ തപാലിലാണ് അയച്ചത്. ഇതിൽ ഈ വർഷം മെയിന്റനൻസ് ഗ്രാൻഡ് വാങ്ങിയ ശാരീരിക അവശതയുള്ള ഗൃഹനാഥയും ഉൾപ്പെട്ടിട്ടുണ്ടെന്നും മണ്ഡലം പ്രസിഡന്റ് ചെറുകര രാധാകൃഷ്ണൻ പറഞ്ഞു.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം മാത്രമേ ഇത്തരം പരാതികളിൽ തീർപ്പുകൽപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ പേരുചേർക്കുന്നതിനുള്ള അവസാന തീയതിയായ കഴിഞ്ഞ 26ന് ചില രാഷ്ട്രീയകക്ഷികൾ നൽകിയ അപേക്ഷകൾ സ്വീകരിച്ചതായി പറയുന്നു.
തിരഞ്ഞെടുപ്പ് നടപടിക്രമം മാത്രം
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഫാറം അഞ്ചിൽ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ പട്ടികയിലുള്ളവർക്ക് നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തതെന്നും ഇത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും ഇലക്ടറൽ ഓഫീസർ കൂടിയായ തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. സുനിൽകുമാർ 'കേരളകൗമുദി' യോട് പറഞ്ഞു.
പതിനഞ്ച് വർഷമായി പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമല്ലാത്തവർ വോട്ടർ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഫോറം എട്ടിൽ ഇവർ അപേക്ഷ നൽകുകയും പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന മുറയ്ക്ക് പേരുകൾ നീക്കം ചെയ്യുന്ന നടപടി നിറുത്തിവയ്ക്കും. ഏകപക്ഷീയമായ രീതിയിൽ ആരുടേയും സമ്മതിദാനാവകാശം നഷ്ടമാകുകയില്ലെന്നും ഇതിൽ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടലില്ലെന്നും സെക്രട്ടറി പറഞ്ഞു.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നടക്കുന്ന ക്രമക്കേടിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
പെരിനാട് തുളസി, ഗ്രാമപഞ്ചായത്ത് അംഗം
ചെറുകര രാധാകൃഷ്ണൻ, പ്രസിഡന്റ്, കോൺഗ്രസ് തൃക്കരുവ മണ്ഡലം കമ്മിറ്റി