kunnathur
പതാരം സുഹൃത്തുക്കൾ നവമാദ്ധ്യമ കൂട്ടായ്മ വാസയോഗ്യമാക്കിയ വീട്

കുന്നത്തൂർ : മാനസിക,ശാരീരിക വെല്ലുവിളികൾ നേരിടുന്ന 57കാരനായ ശിവൻകുട്ടിപ്പിള്ളക്കും 85 വയസുള്ള മാതാവിനും ഇനി ഭയപ്പെടാതെ അന്തിയുറങ്ങാം.വർഷങ്ങളായി തകർന്ന് കിടന്ന വീട് പതാരം സുഹൃത്തുക്കൾ നവമാദ്ധ്യമ കൂട്ടായ്മയുടെ കാരുണ്യത്താൽ നവീകരിച്ചതോടെയാണ് അവരുടെ ദൈന്യതയ്ക്ക് പരിഹാരമായത്.ശൂരനാട് തെക്ക് പഞ്ചായത്തിലെ തൃക്കുന്നപ്പുഴ വടക്ക് പ്രതിഭാ ജംഗ്ഷന് സമീപം പാലവിള കിഴക്കതിൽ ശിവൻകുട്ടിപിള്ളയുടെ വീട്ടിലേക്ക് വെയിലും മഴയും ഒരുപോലെ കടന്നെത്തിയിരുന്നു.അടച്ചുറപ്പില്ലാത്ത പൊളിഞ്ഞ് വീഴാറായ വീട്ടിൽ അമ്മയും മകനും തനിച്ചായിരുന്നു താമസം. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശൗചാലയം ഇല്ല. മാനസിക രോഗിയായ ശിവൻ കുട്ടിപിള്ള കിടക്കുന്ന മുറിയിൽ തന്നെ കസേര വച്ചാണ് മലമൂത്ര വിസർജനം നടത്തുന്നത്.വൃദ്ധയായ അമ്മ വേണം ഈ 57 കാരന്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ.ദൂരെ നിന്ന് വെള്ളം കൊണ്ടു വന്നാണ് മകനെ കുളിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ നടത്തുന്നത്. പതാരം സുഹൃത്തുക്കൾ കൂട്ടായ്മയിലെ അംഗം അരയാൽമുക്ക് സ്വദേശി പ്രശാന്തനാണ് രണ്ടാഴ്ച മുമ്പ് ഇവരുടെ ദയനീയാവസ്ഥ കൂട്ടായ്മയുടെ ശ്രദ്ധയിലെത്തിച്ചത്.തുടർന്ന് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്ന് ശേഖരിച്ച അൻപതിനായിരം രൂപ ഉപയോഗിച്ച് നവീകരണം നടത്തുകയായിരുന്നു.ഒപ്പം അംഗങ്ങളുടെ ശ്രമദാനവും കൂടിയായപ്പോൾ വീട് വാസയോഗ്യമായി.ശൗചാലയവും വാട്ടർ കണക്ഷനും എല്ലാം ഒത്തു ചേർന്നപ്പോൾ ആ അമ്മയുടെയും മകന്റെയും കണ്ണീരിന് താത്ക്കാലിക ആശ്വാസമായി.ബ്ലോക്ക് പഞ്ചായത്ത് അംഗവും കൂട്ടായ്മ ചെയർമാനുമായ ആർ.രാജീവ്,നിസാർ ആവണി,സമീർ യൂസഫ്,ശിശുപാൽ,ഷെറിൻ പതാരത്ത്,റെജി മാമ്പള്ളി, രതീഷ് കുറ്റിയിൽ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.