ചവറ: ചവറ പഞ്ചായത്തിൽ തോട്ടിന് വടക്ക് എസ്.എൻ.ഡി.പി. പൽപ്പു മെമ്മോറിയൽ ശാഖ മുതൽ ദേശീയപാത വരെയുള്ള റോഡിന്റെ ഒരു വശത്തു കൂടി പണിയുന്ന ഓടയും റോഡുമാണ് ഉദ്യോഗസ്ഥരും കോൺട്രാക്ടറും തമ്മിലുള്ള തർക്കം മൂലം ആറുമാസമായി നിറുത്തി വെച്ചിരിക്കുന്നത്. മടപ്പള്ളി, പഴഞ്ഞിക്കാവ്, തോട്ടിന് വടക്ക് വാർഡിലെ ജനങ്ങൾക്ക് തട്ടാശ്ശേരി മാർക്കറ്റിൽ എത്താൻ കഴിയുന്ന ഏക മാർഗമാണ് ഇപ്പോൾ തടസപ്പെട്ടിരിക്കുന്നത്.
കോൺട്രാക്ടറും പഞ്ചായത്തും തമ്മിൽ
ആദ്യമെടുത്ത എസ്റ്റിമേറ്റിൽ ഓട പണിതാൽ ഓട ദീർഘകാലം നിലനിൽക്കില്ലെന്ന കാരണത്താൽ പുതിയ എസ്റ്റിമേറ്റിന് കോൺട്രാക്ടർ അപേക്ഷ നൽകി. അത് പ്രകാരം പഞ്ചായത്ത് കമ്മിറ്റിയിൽ അപേക്ഷ പാസാക്കുകയും 2020 മാർച്ച് മാസം പണി തുടങ്ങി ഏകദേശം 75 ശതമാനം പണി നടത്തുകയും ചെയ്തു. എന്നാൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥർ പുതുക്കിയ എസ്റ്റിമേറ്റ് നൽകുവാനോ ചെയ്ത വർക്കിന്റെ ബില്ല് നൽകുവാനോ തയ്യാറായിട്ടില്ല.
ഇനി സമരവഴി
ഓടക്ക് മുകളിൽ സ്ലാബ് ഇല്ലാത്തതും റോഡ് നിർമ്മാണം പൂർണമാകാത്തതിനാലും സമീപ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ദുരിതം വിതയ്ക്കുകയാണ്. ഈ വിഷയത്തിൽ ചവറ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഒരു താത്പര്യവും കാണിക്കുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. എത്രയും പെട്ടെന്ന് ഈ റോഡിന്റെ അറ്റകുറ്റപ്പണികളും ഓട നിർമ്മാണവും പൂർത്തിയാക്കിയില്ലെങ്കിൽ പ്രദേശവാസികൾ സംയുക്തമായി പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് തീരുമാനിച്ചിരിക്കുകയാണ്.