കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയ പാതയിൽ അമ്പലത്തുംകാലയ്ക്കും പുനലൂരിനും ഇടയിൽ എട്ട് കലുങ്കുകൾ നിർമ്മിക്കുന്നു. പഴയ കലുങ്കുകൾ പൊളിച്ച് നീക്കിയശേഷമാണ് പുനർ നിർമ്മാണം. റോഡ് രണ്ട് നിര ടാറിംഗ് നടത്തി ബലപ്പെടുത്തുന്നതുൾപ്പടെ 40 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഒന്നര വർഷം മുൻപുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇളമ്പലിനും ചെമ്മന്തൂരിനും ഇടയിലായി രണ്ട് കലുങ്കുകൾ നിർമ്മിക്കുന്നത്. ഇതിന്റെ മുക്കാൽ പങ്കും പൂർത്തിയായിട്ടുണ്ട്. പുനലൂരിനും ഇളമ്പലിനും ഇടയ്ക്ക് ഒയ്യാനി, പൈനാപ്പിൾ ജംഗ്ഷൻ ഭാഗങ്ങളിലായി രണ്ട് കലുങ്കുകളുടെ നിർമ്മാണം പുതിയ പദ്ധതി പ്രകാരം തുടങ്ങിയിട്ടുണ്ട്. ഇവിടുത്തെ കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷമാണ് കൊട്ടാരക്കര ഭാഗത്തേക്കുള്ള മറ്റ് നാല് കലുങ്കുകളുടെ നിർമ്മാണ ജോലികൾ തുടങ്ങുകയുള്ളു.
മഴ ശമിച്ചാൽ നിർമ്മാണം തുടങ്ങും
മഴ കനത്തത് നിർമ്മാണ ജോലികളെ സാരമായി ബാധിച്ചിട്ടുണ്ട്. കലുങ്ക് നിർമ്മിക്കുന്ന ഭാഗങ്ങളിൽ വലിയ തോതിൽ വെള്ളമൊഴുകുന്നുണ്ട്. ഇത് ശമിക്കാതെ തുടർ നിർമ്മാണം നടക്കില്ല. ഓണത്തിന്റെ അവധി ദിനങ്ങളും കൊവിഡ് പ്രശ്നങ്ങളും നേരത്തെതന്നെ തടസങ്ങളുണ്ടാക്കിയിരുന്നു. കുന്നിക്കോട് പച്ചിലവളവ് ഭാഗത്ത് റോഡിന് സുശക്തമായ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന ജോലികളും ഉടൻ തുടങ്ങും. ഇതിനായി ഒരു വശത്തെ വൈദ്യുത പോസ്റ്റുകൾ മറുവശത്തേക്ക് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഇതിന് കരാറായിട്ടുണ്ട്. ഉടൻ പോസ്റ്റ് മാറ്റുന്ന ജോലികളും തുടങ്ങും.ഏഴ് മാസത്തിനകം എല്ലാ നിർമ്മാണ ജോലികളും പൂർത്തിയാക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
25 കിലോ മീറ്റർ നവീകരണം
ദേശീയപാതയിൽ അമ്പലത്തുംകാല മുതൽ പുനലൂർവരെയുള്ള 25 കിലോമീറ്റർ ദൂരമാണ് ഇപ്പോൾ നവീകരണ ജോലികൾ നടക്കുന്നത്. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള നവീകരണം പൂർത്തീകരണ ഘട്ടത്തിലാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ച 35 കോടി രൂപയുടേതായിരുന്നു ഈ പദ്ധതി.
3 കോടി അധികം ലഭിക്കും
40 കോടി രൂപയുടെ പദ്ധതിയാണ് ആദ്യം തയ്യാറാക്കിയത്. എന്നാൽ മൂന്ന് കോടി രൂപയുടെ പദ്ധതികൂടി കൂട്ടിച്ചേർത്തതിന് തുക അനുവദിച്ചിട്ടുണ്ട്. ഇതോടെ മൂന്നാം ഘട്ടത്തിന് ആകെ 43 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുക.