photo
സമുദ്ര തീര സംരക്ഷണത്തിനായി വൃക്ഷ തൈകൾ നടുന്ന യുവജന കൂട്ടായ്മ.

കരുനാഗപ്പള്ളി : ആലപ്പാടിന്റെ തീരം തകർന്നടിയുമ്പോൾ ഹൃദയമിടിപ്പോടെ ജീവിച്ച നാട്ടുകാർക്ക് ആശ്വാസമാകുകയാണ് ഒരുകൂട്ടം യുവാക്കൾ. കടൽത്തീരത്തെ ഹരിതാഭമാക്കി സംരക്ഷിക്കാനാണ് യുവജന കൂട്ടായ്മയുടെ ശ്രമം. നാളിതു വരെ ഇങ്ങനെയൊരു പരിശ്രമം ആലപ്പാട്ട് തീരത്തുണ്ടായിട്ടില്ല.

തിരമാലകൾ തകർക്കുന്ന തീരം

അശാസ്ത്രീയമായ കരിമണൽ ഖനനത്തെ തുടർന്നാണ് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ തീരം തകരാൻ തുടങ്ങിയത്. ഇതിനെതിരെ വർഷങ്ങളായി ഇവിടെ ജനങ്ങൾ സമരത്തിലാണ്. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിന്റെ ഏക്കർ കണക്കിന് തീരമാണ് കടലെടുത്തത്. തീര സംരക്ഷണത്തിനായി കരിങ്കൽ ഭിത്തി കാലാകാലങ്ങളിൽ സർക്കാർ നിർമ്മിക്കാറുണ്ടെങ്കിലും ശക്തമായ തിരമാലകളിൽ തകർന്ന് പോകുമായിരുന്നു.ഈ സാഹചര്യത്തിലാണ് തീരം സംരക്ഷിക്കാൻ യുവജന കൂട്ടായ്മ രംഗത്തെതിയത്.

വൃക്ഷത്തൈകൾ നട്ട് തീരസംരക്ഷണം

കടലാക്രമണം ഏറ്റവും ശക്തമായ ചെറിയഴീക്കൽ ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് ജിയോ ബാഗുകൾ ഉപയോഗിച്ച് നിർമ്മിച്ച കടൽഭിത്തിക്ക് സമീപത്തായാണ് വിവിധതരം വൃക്ഷത്തൈകൾ നട്ട് തീരത്തെ സംരക്ഷിക്കാൻ യുവജന കൂട്ടായ്മ ഇറങ്ങിത്തിരിച്ചത്. ജനങ്ങളുടെ സഹകരണം കൂടിയായപ്പോൾ ഇതൊരു ജനകീയ സംരംഭമായി മാറി. തീര സംരക്ഷണത്തിന് ഉതകുന്നതും കരിമണലിൽ പെട്ടെന്ന് വളരുന്നതുമായ പുന്ന, പൂവരശ്, ബദാം തുടങ്ങിയ വൃക്ഷ തൈകളാണ് വച്ചു പിടിപ്പിക്കുന്നത്. പരിസ്ഥിതി പ്രവർത്തകൻ വി .കെ .മധുസൂദനന്റെ നിർദ്ദേശാനുസരണമാണ് യുവാക്കളുടെ തീര സംരക്ഷണം. വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന തീര ദുരിതത്തിൽ നിന്നും പ്രദേശത്തെ പൂർണമായും സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് യുവാക്കൾ പറയുന്നു.