yuvamorcha
അഞ്ചാലുംമൂട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്നതിനിടെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിക്കുന്നു

അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ഗവ.എച്ച്.എസ്.എസിലെ പുതിയ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കുന്നതിനിടെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. സ്വർണക്കടത്ത് കേസ്, ആംബുലൻസിലെ പീഡനം, എക്സൈസ് ഉദ്യോഗാർത്ഥി അനൂപിന്റെ മരണം തുടങ്ങിയ വിഷയങ്ങളുയർത്തി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരം.

എം. മുകേഷ്, എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി എന്നിവർ ഉണ്ടായിരുന്ന വേദിയിലേക്കാണ് യുവമോർച്ച പ്രവർത്തകർ ഇരച്ചുകയറിയത്. മിനിട്സ് തിരുത്ത് വിഷയത്തിൽ മേയർക്കെതിരെയും മുദ്രാവാക്യമുയർത്തി. അര മണിക്കൂറോളം നീണ്ടുനിന്ന സമരത്തിനൊടുവിൽ ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, ജില്ലാ ജന സെക്രട്ടറിമാരായ അജിത്ത് ചോഴത്തിൽ, പി. അഖിൽ, വൈസ് പ്രസിഡണ്ട് ജമുൻ ജഹാംഗീർ, സെക്രട്ടറി അനീഷ്‌ ജലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡന്റ്‌ പ്രണവ് താമരക്കുളം, യുവമോർച്ച ജില്ലാ ഐ.ടി സെൽ കൺവീനർ അർജുൻ മോഹൻ, മീഡിയ സെൽ കൺവീനർ രാഹുൽ എന്നിവരും പങ്കെടുത്തു. അറസ്റ്റ് ചെയ്ത യുവമോർച്ച പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.