forensic

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ പീഡനങ്ങളും അക്രമങ്ങളും വർദ്ധിച്ചുവരവേ നാലായിരത്തിലധികം പീഡനക്കേസുകളിൽ ഫോറൻസിക് ഫലം വൈകുന്നു. ബലാത്സംഗകേസുകളിൽ വൈദ്യപരിശോധന നടത്താൻ ലാബുൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ജീവനക്കാരുടെയും കുറവാണ് പ്രശ്നം. സംസ്ഥാനത്ത് കണ്ണൂർ,​ തൃശൂർ,​ കൊച്ചി,​ തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഫോറൻസിക് ലാബുകളുള്ളത്. ഇതിൽ തിരുവനന്തപുരത്തും കണ്ണൂരും മാത്രമേ ഡി.എൻ.എ പരിശോധനാ സംവിധാനമുളളൂ. പോക്സോ ഉൾപ്പെടെയുള്ള മിക്ക കേസുകളിലും ഡി.എൻ.എ പരിശോധന നിർണായകമായിരിക്കെ ഈ രണ്ട് ലാബുകളിലുമായി ആയിരത്തിലധികം സാമ്പിളുകളാണ് ഫലം കാത്ത് കഴിയുന്നത്.

നാല് ഫോറൻസിക് ലാബുകളുടെയും സുഗമമായ പ്രവർത്തനത്തിന് 400 ഓളം ജീവനക്കാർ വേണമെന്നിരിക്കെ കഷ്ടിച്ച് 100-ൽ താഴെപേരേയുള്ളൂ. വിദേശരാജ്യങ്ങളിലേതുപോലെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഫലം അറിയാൻ ആട്ടോമേറ്റഡ് ഡി.എൻ.എ ഡിറ്റക്ഷൻ സംവിധാനംപോലുളള ഉപകരണങ്ങൾ കേരളത്തിലെ എല്ലാ ഫോറൻസിക് ലാബുകളിലുമില്ല. പീഡനത്തിനിരയായി കൊല്ലപ്പെടുന്നതോ വിവാദമായതോ ആയ കേസുകളിൽ മാത്രമാണ് അപൂർവ്വമായെങ്കിലും പരിശോധനാഫലം ലഭ്യമാകുന്നത്. ലൈംഗിക അതിക്രമകേസുകളിൽ നിർണായകമായ ഫോറൻസിക് ഫലം വൈകുന്നതിനാൽ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ റിപ്പോ‌ർട്ടായ കേസുകളുടെ അന്വേഷണവും കുറ്റപത്രം സമർപ്പണവും വൈകുന്നു. സ്ത്രീ സുരക്ഷയ്ക്കായി മുറവിളി കൂട്ടുമ്പോഴും ഇരകൾക്ക് നീതി നിഷേധത്തിനും കുറ്റവാളികൾക്ക് രക്ഷപ്പെടാനും പഴുതൊരുക്കുന്ന പിഴവിന് പരിഹാരം കാണാൻ സർക്കാരോ പൊലീസോ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

പത്ത് മാസം 1734 പീഡനക്കേസുകൾ

മാനഭംഗക്കേസുകളിൽ കേരളം ഒട്ടുംപിന്നിലല്ല. കഴിഞ്ഞ പത്ത് മാസത്തിനിടെ രജിസ്റ്റർചെയ്തത് 1734 കേസുകൾ. മുൻവർഷങ്ങളിൽ ഇത്രയില്ലായിരുന്നു.

2019 ലെ കണക്ക്
തിരുവനന്തപുരം -211

കൊല്ലം -131

പത്തനംതിട്ട -68

ആലപ്പുഴ -78

കോട്ടയം- 81

ഇടുക്കി -71

എറണാകുളം -1601

തൃശ്ശൂർ-137

പാലക്കാട് -116

മലപ്പുറം -150

കോഴിക്കോട് -119

വയനാട്- 67

കണ്ണൂർ -72

കാസർകോട്- 70

റെയിൽവേ -3

ക്രൈംബ്രാഞ്ച്- 3