കൊല്ലം: കൊവിഡ് വ്യാപനവും ലഹരി ഉപയോഗവും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന് ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ലേബർ വകുപ്പ് പരിശോധന തുടങ്ങി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ധാരാളം പേർ തൊഴിലിടങ്ങളിൽ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
കൊവിഡ് വ്യാപനത്തിൽ തൊഴിൽ മേഖല സ്തംഭിച്ചതോടെ അന്യസംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാക്കിയിരുന്നു. നിത്യവൃത്തിക്ക് പോലും പണവുമില്ലാതെ വന്നതോടെ ഇവരിൽ ചിലർ മദ്യത്തിനും ലഹരി വസ്തുക്കൾക്കും അടിമകളായി. ഇതിനിടെ പാവുമ്പയിൽ മദ്യപാനത്തിനിടെ ബംഗാളി സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്.
ഇഷ്ടികക്കളങ്ങൾ, കശുഅണ്ടി ഫാക്ടറികൾ, മത്സ്യബന്ധന, നിർമ്മാണ മേഖലകളിൽ ജോലി ചെയ്തിരുന്നവരാണ് ഓണത്തോടനുബന്ധിച്ച് തിരികെവന്നവരിൽ അധികവും. ജില്ലാ ലേബർ വകുപ്പ് എൻഫോഴ്സ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ എല്ലാ താലൂക്കുകളിലും വരും ദിവസങ്ങളിൽ തുടർച്ചയായി പരിശോധന നടത്താനാണ് തീരുമാനം.
ക്വാറന്റൈൻ നടപ്പാക്കുന്നില്ല
അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ തൊഴിലുടമകൾ തദ്ദേശ സ്ഥാപനങ്ങളെയും ആരോഗ്യവകുപ്പിനെയും മുൻകൂട്ടി അറിയിക്കണം. ക്വാറന്റൈനിൽ പാർപ്പിച്ച് രോഗമില്ലെന്ന് ഉറപ്പാക്കിയേ ജോലിയിൽ പ്രവേശിപ്പിക്കാവൂ എന്നാണ് ചട്ടം. ക്വാറന്റൈൻ സംവിധാനത്തിനായി ഹോട്ടലുകളോ മുറികളോ തരപ്പെടുത്തുന്നതിന്റെ പ്രയാസവും ഭക്ഷണമുൾപ്പെടെയുള്ള ചെലവുകളും കണക്കിലെടുത്ത് മിക്കവരും ഇതിന് കൂട്ടാക്കാറില്ല. പുതുതായി വരുന്നവരെയും ക്യാമ്പുകളിൽ കഴിയുന്നവർക്കൊപ്പം താമസിപ്പിക്കുന്നതാണ് രീതി.
''
ഇന്നലെ നടന്ന പരിശോധനയിൽ സ്ഥാപനങ്ങളിലോ ലേബർ ക്യാമ്പുകളിലോ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കണ്ടെത്തിയാൽ തൊഴിലുടമയ്ക്കെതിരെ നടപടി സ്വീകരിക്കും.
ജില്ലാ ലേബർ എൻഫോഴ്സ്‌മെന്റ് ഓഫീസർ