തഴവ: കൊവിഡ് വ്യാപനം ക്രമാതീതമായി ഉയർന്നുവരുന്ന സാഹചര്യത്തിൽ രോഗികളെ വീട്ടിൽതന്നെ കിടത്തി ചികിത്സയ്ക്ക് വിധേയരാക്കുകയാണ് തഴവ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ. രോഗികളുടെ ടെൻഷൻ കുറച്ച് മാനസികവും ശാരീരികവുമായ ഉത്തേജനത്തിലൂടെയും മികച്ച പരിചരണത്തിലൂടെയും രോഗം ഭേദമാക്കുന്നതിനുള്ള നൂതന ചികിത്സാ പരിപാടിയാണ് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ ജാസ്മിൻ റിഷാദും സംഘവും ആവിഷ്കരിച്ചിരിക്കുന്നത്.
വീട്ടിൽ താമസിപ്പിച്ച് ചികിത്സ
തഴവ പഞ്ചായത്ത് മുല്ലശേരി വാർഡിൽ കൊവിഡ് പോസിറ്റീവ് ആയ കുടുംബത്തിലെ പത്തംഗങ്ങളെ ഒരു വീട്ടിൽ താമസിപ്പിച്ച് ചികിത്സ നൽകുന്ന രീതി ആണ് നടപ്പിലാക്കിയത്. പ്രമേഹ രോഗികൾ ഉൾപ്പടെ 60വയസിന് മുകളിൽ വരുന്ന ഹൈ റിസ്ക് വിഭാഗത്തിൽപെടുന്നവരാണ് നവീന രീതിയിലുള്ള പരിചരണത്തിന് വിധേയരാകുന്നത്. ഡോക്ടർ ജാസ്മിൻ റിഷാദിന്റെ നേതൃത്വത്തിൽ ഡോ. ജി സംഗീത, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത്, പബ്ലിക് ഹെൽത്ത് നഴ്സ് ഇൻ ചാർജ് വി.ജ്യോതിലക്ഷ്മി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ ഉൾപ്പെടുന്ന ടീമാണ് രോഗികളെ നിരീക്ഷിക്കുന്നത്.
രോഗികളുടെ സമ്മതത്തോടെ
ദിവസവും രണ്ട് നേരം രോഗികളുടെ പൾസ്, ശരീരോഷ്മാവ്, ഓക്സിജൻ സാച്ചുറേഷൻ, പ്രമേഹ രോഗികളുടെ ബ്ലഡ് ഷുഗർ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സാധാരണ നിലയിലുള്ള ചികിത്സകൊണ്ട് രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാരുടെ നിലവിലെ വിലയിരുത്തൽ.ഒരു പക്ഷെ ഇതുകൊണ്ട് രോഗം ശമിക്കാതെ വന്നാൽ കൂടുതൽ മികച്ച ചികിത്സയ്ക്കായി അവരെ തൊട്ടടുത്തുള്ള കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ എത്തിക്കാനാണ് തീരുമാനം. ആദ്യ പരിശോധന കഴിഞ്ഞ് പത്താം ദിവസം തഴവ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന തണ്ണീർക്കര സ്വാബ് കളക്ഷൻ സെന്ററിൽ ഇവരെ സ്രവ പരിശോധനയ്ക്കെത്തിക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. പരിശോധനാ ഫലം നെഗറ്റീവാകുന്നയാളെ രോഗിയെ തുടർ ചികിത്സയിൽ നിന്നും ഒഴിവാക്കും. പകരം ഒരാഴ്ച ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം നൽകും. കൊവിഡ് രോഗികൾക്ക് വീടുകളിൽ ചികിത്സാ സൗകര്യം ഒരുക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് രോഗികളുടെ സമ്മതത്തോടെ വീട്ടിൽ തന്നെ ചികിത്സ സജ്ജമാക്കിയത്. ജില്ലയിൽ തന്നെ അപൂർവമായാണ് ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ട ഇത്രയധികം രോഗികളെ വീട്ടിൽതന്നെ ചികിത്സയ്ക്ക് വിധേരാക്കാനുള്ള തീരുമാനം.