rto

 മോട്ടോർ വാഹന വകുപ്പിൽ പ്രതിഷേധം

കൊല്ലം: മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർക്കിടയിൽ ട്രാൻസ്പോർട്ട് സർവീസ് സ്പെഷ്യൽ റൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്പെഷ്യൽ റൂളിലെ പ്രൊമോഷൻ വ്യവസ്ഥകൾ പ്രകാരം വകുപ്പിലെ ക്ലറിക്കൽ ജീവനക്കാർ ജോയിന്റ് ആർ.ടി.ഒ വരെയാകുമ്പോൾ എ.എം.വി.ഐമാരായി സർവീസിൽ പ്രവേശിക്കുന്നവർക്ക് ഒറ്റ പ്രൊമോഷൻ മാത്രം ലഭിച്ച് എം.വി.ഐമാരായി വിരമിക്കേണ്ടി വരുന്നതാണ് പ്രതിഷേധത്തിന് കാരണം.

എ.എം.വി.ഐമാർക്ക് 20 വർഷം കഴിയുമ്പോഴാണ് ഇപ്പോഴത്തെ അവസ്ഥയിൽ എം.വി.ഐയായി പ്രൊമോഷൻ ലഭിക്കുന്നത്. എന്നാൽ വകുപ്പിൽ ജൂനിയർ ക്ലാർക്കായി എത്തുന്നയാൾ 22 വർഷത്തിനുള്ളിൽ ഏഴ് പ്രമോഷനുകൾ ലഭിച്ച് ജോയിന്റ് ആർ.ടി.ഒ ആകും. സ്പെഷ്യൽ റൂൾ പ്രകാരം എം.വി.ഐമാർക്കും സീനിയർ സൂപ്രണ്ടുമാർക്കും 2:1 എന്ന അനുപാതത്തിലാണ് ജോയിന്റ് ആർ.ടി.ഒ ആയി പ്രമോഷൻ ലഭിക്കുക. എന്നാൽ വകുപ്പിൽ 290 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുള്ളപ്പോൾ സീനിയർ സൂപ്രണ്ടുമാർ 36 പേരെയുള്ളൂ. അതുകൊണ്ട് തന്നെ സീനിയർ സൂപ്രണ്ടുമാർ വേഗത്തിൽ ജോയിന്റ് ആർ.ടി.ഒമാരായി മാറുന്നു. ജൂനിയർ ക്ലാർക്കുമാർ എം.വി.ഐമാരെ, സാറെ എന്നാണ് വിളിക്കുന്നത്. എന്നാൽ വർഷങ്ങൾ പിന്നിട്ട് ജൂനിയർ ക്ലാർക്ക് ജോയിന്റ് ആർ.ടി.ഒ ആകുമ്പോൾ

എം.വി.ഐ മാത്രമായ പഴയ എ.എം.വി.ഐ തിരിച്ച് സാറേ എന്ന് വിളിക്കേണ്ട അവസ്ഥയാണ്.

സാങ്കേതികവശം സാങ്കല്പികം

വാഹനങ്ങളുടെ സാങ്കേതിക വശങ്ങൾ അടക്കം പരിശോധിക്കേണ്ടവരാണ് ജോയിന്റ് ആർ.ടി.ഒമാർ. പക്ഷേ വാഹനം ഓടിച്ചുള്ള പരിചയം മാത്രമാണ് ക്ലറിക്കൽ തസ്തികയിൽ നിന്നെത്തുന്ന ജോയിന്റ് ആർ.ടി.ഒമാർക്കുള്ളത്. മെക്കാനിക്കൽ/ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും ഒരു വർഷത്തെ വർക്ക്ഷോപ്പ് പ്രവൃത്തി പരിചയം, ശാരീരിക ക്ഷമത എന്നിവയാണ് എ.എം.വി.ഐ ആകാനുള്ള യോഗ്യത. എന്നാൽ എസ്.എസ്.എൽ.സി മാത്രമാണ് ക്ലറിക്കൽ തസ്തികയിൽ നിന്നെത്തുന്ന ജോയിന്റ് ആർ.ടി.ഒമാരിൽ പലർക്കമുള്ളത്. അതുകൊണ്ട് തന്നെ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, ഹെവി ഡ്രൈംവിഗ് ലൈസൻസ്, വിവിധ അപകടങ്ങളുമായി ബന്ധപ്പെട്ട പരിശോധന എന്നിവയ്ക്ക് ജനങ്ങൾ സാങ്കേതിക യോഗ്യതയുള്ള ആർ.ടി.ഒമാരെ തേടി നടക്കേണ്ട അവസ്ഥയാണ്.