കൊല്ലം: മൈലം പഞ്ചായത്തിന്റെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ തലവൂർ കുടിവെള്ള പദ്ധതി. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവഹിക്കും. പഞ്ചായത്തിലെ ഇരുപത് വാർഡുകളിലുമുള്ള എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ കൊടുക്കുംവിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ദേശീയ ഗ്രാമീണ ത്വരിത ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്നും അനുവദിച്ച പതിനെട്ട് കോടി രൂപ ഉപയോഗിച്ചുള്ള പൈപ്പ് സ്ഥാപിക്കൽ ജോലികൾക്കാണ് ഇന്ന് തുടക്കമിടുക. ജൽജീവൻ മിഷനിൽ നിന്നും തുടർ പ്രവർത്തനങ്ങൾക്കായി പതിനാറ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പൈപ്പ് ഇടീൽ പൂർത്തിയായാൽ ഉടൻ കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്യാനാകും.
ടാങ്കും കിണറും സ്ഥാപിച്ചു
മൈലം തെറ്റിക്കുഴിയിൽ 6.23 ദശലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ടാങ്ക് നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. 9 കോടി രൂപ ചെലവിലാണ് ടാങ്കും കിണറും അനുബന്ധ പ്രവർത്തനങ്ങളും സ്ഥാപിച്ചിരുന്നത്. ഇതിൽ നിന്നും മൂന്ന് വാർഡുകളിലായി മുന്നൂറ് വീടുകളിലേക്ക് മാത്രമാണ് നിലവിൽ കുടിവെള്ളം വിതരണം ചെയ്യാൻ കഴിയുന്നത്. എല്ലാ വാർഡുകളിലും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതോടെ ഈ ടാങ്കിൽ നിന്നുള്ള വെള്ളം എല്ലായിടത്തേക്കും എത്തിയ്ക്കാനാകും. ടാങ്ക് നിർമ്മിക്കാനായി 8 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങി. പഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മയിലൂടെയാണ് 2010-15 കാലയളവിൽ ഇതിനായി 6.40 ലക്ഷം രൂപ സ്വരൂപിച്ചതും ഭൂമി വാങ്ങിയതും.
ഉദ്ഘാടനം ഇങ്ങനെ
ഇന്ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി കെ.കൃഷ്ണൻകുട്ടി വീഡിയോ കോൺഫറൻസിലൂടെ നിർമ്മാണ ഉദ്ഘാടനം നടത്തും. പി.ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരൻ, വൈസ് പ്രസിഡന്റ് എൽ.ഉഷാകുമാരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.ഉണ്ണിക്കൃഷ്ണൻ നായർ, മാർഗരറ്റ് ജോൺസൺ, സിന്ധു യശോധരൻ, അസി.എക്സി.എൻജിനീയർ സലീം പീറ്റർ, എൻ.ബേബി, പി.ഷീബാമോൾ, സി.സുരേഷ് കുമാർ, കെ.അരുൺ, കെ.ബി.സന്തോഷ് ബാബു, മിനി മോനച്ചൻ, ആർ.എസ്.അഞ്ജു, സൂസമ്മ ബേബി, ആർ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും.