prd

കൊല്ലം: റൂറൽ പൊലീസ് ജില്ലയിൽ പുതിയ വനിതാ പൊലീസ് സ്റ്റേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം റൂറൽ പൊലീസിന്റെ കൺട്രോൾ റൂം ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം റൂറൽ പൊലീസ് ജില്ലയ്ക്ക് പുറമെ തിരുവനന്തപുരം റൂറൽ, എറണാകുളം റൂറൽ, വയനാട്, കോഴിക്കോട് റൂറൽ പൊലീസ് ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കും.

കൊല്ലം റൂറൽ പൊലീസ് പരിധിയിലെ ക്രമസമാധാന പാലനത്തിൽ പുതിയ കാൽവയ്‌പാണ് കമാൻഡ് സെന്റർ സ്ഥാപിച്ചതിലൂടെ കൈവരിച്ചതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.

ആധുനിക കൺട്രോൾ റൂമിന്

ചെലവ് 57 ലക്ഷം

കൊട്ടാരക്കര ട്രാഫിക് പൊലീസ് യൂണിറ്റ് പ്രവർത്തിച്ചുവരുന്ന സബ് ജയിലിന് മുൻവശമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് റൂറൽ പൊലീസ് കമാൻഡ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളോട് കൂടിയ പൊലീസ് കൺട്രോൾ റൂം സജ്ജമാക്കിയത് സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡാണ്. 57 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച കൺട്രോൾ റൂമിന് കെൽട്രോൺ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി. മോണിട്ടറിംഗ് സംവിധാനത്തിലൂടെ കൊട്ടാരക്കര ടൗണിലെ 17 കാമറകൾ മുഖേനയുള്ള നിരീക്ഷണം സാദ്ധ്യമാണ്. റൂറൽ പരിധിയിൽ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ ബോർഡർ സീലിംഗ് കാമറകൾ മുഖേനയുമുള്ള നിരീക്ഷണവും ഇവിടെ നടക്കും. പൊലീസ് സ്റ്റേഷനുകളിലെ കാമറാ ദൃശ്യങ്ങളും ഇവിടെയെത്തും.
എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം റൂമിൽ റൂറൽ പൊലീസ് പരിധിയിലെ എല്ലാ പൊലീസ് വാഹനങ്ങളുടെയും തത്സമയ ജി.പി.എസ് ലൊക്കേഷൻ ലഭ്യമാണ്. അടിയന്തര പൊലീസ് സഹായത്തിനായി ജനങ്ങൾ വിളിക്കാറുള്ള 100, 112 നമ്പരുകളിലെത്തുന്ന വിവരങ്ങൾ ഉടൻ തന്നെ സഹായം അഭ്യർത്ഥിച്ച് വിളിച്ച വ്യക്തിയുടെ തൊട്ടടുത്തുള്ള പൊലീസ് വാഹനത്തിന് കൈമാറും.