ഹോട്ടലിൽ മുറിയെടുക്കുമ്പോൾ സാധാരണ, സൗകര്യങ്ങൾ നോക്കിയാണ് ആളുകൾ ബുക്ക് ചെയ്യുന്നത്. എന്നാൽ, ഈ ഹോട്ടൽ മുറിയിൽ നിങ്ങൾക്ക് ഒന്ന് ഉറങ്ങാൻ പോലും സാധിക്കില്ല. മുറിയുടെ നടുക്ക് കിടക്കുന്ന കിടക്കയിൽ കയറാൻ തന്നെ പ്രയാസപ്പെടണം. കാരണം കട്ടിലിനു ചുറ്റും മൂന്ന് അടി പൊക്കത്തിൽ ഒരു മതിൽ ഉണ്ട്. മുറിയിൽ നടക്കാനുള്ള ഇടവുമില്ല. ബാത്ത്റൂമിന്റെ വാതിൽ അടയില്ല, അടച്ചാലോ ടൊയ്ലറ്റ് ടിഷ്യു എടുക്കാൻ സാധിക്കില്ല. ഹാൻഡ്‌വാഷ് സ്ഥാപിച്ചിരിക്കുന്നത് തലകീഴായിട്ടാണ്. കലാകാരനായ ക്രിസ്റ്റഫർ സാമുവൽ സൃഷ്ടിച്ച ഈ ഹോട്ടൽ മുറിയിൽ ആരും ഒരു ദിവസം തികച്ച് താമസിക്കില്ല. മനഃപൂർവം തന്നെയാണ് വാസയോഗ്യമല്ലാതെ ഈ മുറി തയ്യാറാക്കിയത്. പക്ഷേ, അതിനും ഒരു കാരണമുണ്ട്.
ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളിലെ ആർട്ട് ബി ആൻഡ് ബി എന്ന ഈ ഹോട്ടൽ ആളുകളെ ഒരു പാഠം പഠിപ്പിക്കുവാൻ വേണ്ടി ഉണ്ടാക്കിയതാണ്. ആളുകൾക്ക് ഇത് എത്രമാത്രം ബുദ്ധിമുട്ടാകും എന്ന് അറിയാം. ആ വികാരം സൃഷ്ടിച്ചെടുക്കണം- ക്രിയേറ്റീവ് ഡയറക്ടർ മൈക്കൽ ട്രെയിനർ പറയുന്നു
സാമുവലിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു തമാശയല്ല. നിരവധി ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എല്ലാവരും അറിയാൻ വേണ്ടിയുള്ള ആശയമാണിത്. 2017മുതൽ, ഇലക്ട്രിക് വീൽചെയർ ഉപയോഗിക്കുന്ന സാമുവൽ, മൂന്ന് മാസത്തേക്ക് ഒരു ഹോട്ടൽ മുറിയിൽ താമസിക്കാൻ നിർബന്ധിതനായി. വീൽചെയർ മര്യാദയ്ക്ക് കയറ്റാൻ പറ്റാത്ത മുറിയിൽ അദ്ദേഹം അനുഭവിച്ച അസൗകര്യമാണ് സന്ദർശകർക്കും നൽകാൻ ലക്ഷ്യമിട്ടത്. താൻ അനുഭവിച്ചത് എന്താണ് എന്ന് ആളുകൾ അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ഈ ഹോട്ടൽ രൂപകൽപന ചെയ്തത്. ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്രശ്നത്തെ ക്കുറിച്ച് ചിന്തിക്കുവാനും സംസാരിക്കുവാനും വേണ്ടി കൂടിയാണ്. വീൽചെയർ ഉപയോഗിക്കുന്ന സാമുവൽ താൻ ഡിസൈൻ ചെയ്ത റൂം നേരിൽ കണ്ടിട്ടുമില്ല. സാമുവലിന്റെ വീൽ ചെയർ അങ്ങോട്ട് കയറില്ല എന്നതുതന്നെ കാരണം.