ജില്ലയിലെ നാല് സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു
കൊല്ലം: ഓൺലൈൻ വിദ്യാഭ്യാസം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും വിദ്യാഭ്യാസ നിലവാര സൂചികയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ജില്ലയിലെ നാല് സ്കൂളുകളിൽ കിഫ്ബി സഹായത്തോടെ നിർമ്മിച്ച ആധുനിക കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാലുംമൂട് ഗവ.എച്ച്.എസ്.എസ്, കൊട്ടാരക്കര ഗവ.എച്ച്.എസ്.എസ്, ശൂരനാട് വടക്ക് ഗവ.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി ഗവ.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത്.
അഞ്ചാലുംമൂട്ടിൽ എം.മുകേഷ് എം.എൽ.എ, മേയർ ഹണി ബെഞ്ചമിൻ, ജില്ലാ കളക്ടർ ബി.അബ്ദുൽനാസർ, കൊട്ടാരക്കരയിൽ പി.ഐഷാ പോറ്റി എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ്, ശൂരനാട്ട് കെ. സോമപ്രസാദ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കരുനാഗപ്പള്ളിയിൽ ഐർ.രാമചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
അഞ്ചാലുംമൂട് ഗ.എച്ച്.എസ്.എസ്
മൂന്ന് നിലകളിലായി മികച്ച സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ, ഓഫീസ്, റസ്റ്റ് റൂമുകൾ, ആധുനികവും ഭിന്നശേഷി സൗഹാർദ്ദവുമായി നിർമ്മിച്ച കക്കൂസുകൾ.
ശൂരനാട് ഗ.എച്ച്.എസ്.എസ്
അഞ്ചുകോടി മുടക്കി ഹൈടെക് സൗകര്യങ്ങളോടെ പുതിയ രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. കമ്പ്യൂട്ടർ, പ്രൊജക്ടർ, ശാസ്ത്ര ഗണിതശാസ്ത്ര, ഐ. ടി, വിദേശ ഭാഷ പഠിക്കാൻ സൗകര്യമുള്ള ലാബുകൾ, പെൺകുട്ടികൾക്കായി വിശ്രമമുറി തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്
യു.പി മുതൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ ക്ലാസ് മുറികളും ഹൈടെക്കായി.
കൊട്ടാരക്കര ഗവ. എച്ച്.എസ്.എസ്
അഞ്ചുകോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് പൂർത്തിയായത്.
രണ്ടു നിലകളിലായി വി.എച്ച്.എസ്.ഇ വിഭാഗത്തിനായുള്ള മൂന്ന് വലിയ ക്ലാസ് മുറികൾ ഉൾപ്പെടെ ആറ് ക്ലാസ് മുറികളാണ് പൂർത്തിയാക്കിയത്. കമ്പ്യൂട്ടർ ലാബുകൾ, റഫറൻസ് റൂം, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നിവയുമുണ്ട്. അഞ്ചുകോടിയുടെ കെട്ടിടം നിർമ്മിച്ച ശേഷം മിച്ചം വന്ന 60 ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളും കിച്ചൻ ബ്ലോക്കും നിർമ്മിച്ചുവരികയാണ്.