janmashtami

കൊല്ലം: വീഥികളിൽ നിറഞ്ഞാടിയ ഉണ്ണിക്കണ്ണൻമാരും തോഴിമാരും ഇന്ന് വീടുകളിൽ ഒതുങ്ങും. ആഘോഷങ്ങൾ വീടുകളിലൊതുക്കണമെന്ന് സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ടാണ് രാവിലെ മുതൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ തുടങ്ങിയത്. ശോഭായാത്രകൾക്കും കൂട്ടംകൂടിയുള്ള ആഘോഷങ്ങൾക്കും പകരം വീടുകളിൽ ആചാരപൂർവം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനാണ് ബാലഗോകുലത്തിന്റെയും തീരുമാനം. ദേവസ്വം ബോർഡിന്റേതുൾപ്പെടെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും മഠങ്ങളിലും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുങ്ങും. ഇതനുസരിച്ച് വീടുകളിൽ കൃഷ്ണപ്പൂക്കളമൊരുക്കും. വീടുകളിലെ ഇളയകുട്ടിയെ കൃഷ്ണനായി ഒരുക്കി ഉച്ചയ്ക്ക് കൃഷ്ണനൂട്ട് നടത്തും. കുടുംബാംഗങ്ങൾ ഒത്തുചേർന്നുള്ള ആഘോഷത്തിൽ ഉറിയടിയും കൃഷ്ണ ഗീതങ്ങളുടെ ആലാപനവും ഭജനയും നടക്കും. വൈകിട്ട് കൃഷ്ണനായി വേഷമിട്ട കുട്ടി കൃഷ്ണകുടീരത്തിൽ ദീപം തെളിക്കും. തുടർന്ന് കൃഷ്ണകുടീരത്തിലെ ഭഗവാന് മുന്നിൽ അവൽ പ്രസാദം തയ്യാറാക്കും. വൈകിട്ട് ഉപരാഷ്ട്രപതി ജന്മഷ്ടമി സന്ദേശം നൽകും. തുടർന്ന് ഭജനയ്ക്ക് ശേഷം ദീപാരാധനയോടെ ആഘോഷങ്ങൾ സമാപിക്കും.

ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ ആശ്രാമം,​ മുഖത്തല,​ തിരുമുല്ലവാരം,​ കാഞ്ഞിരകോട്,​ തേവലക്കര,​ തഴവ,​ പുലിയൻ കുളങ്ങര,​ മുതുപിലാക്കാട് തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം ശ്രീകൃഷ്ണ ജയന്തി ആഘോഷം ചടങ്ങുകളായി പരിമിതപ്പെടുത്തിയെന്ന് ദേവസ്വം ബോർഡും ക്ഷേത്ര ഭരണസമിതികളും അറിയിച്ചു. വിപുലമായ ആഘോഷം നടക്കുന്ന വള്ളിക്കാവ് അമൃതപുരിയിലും കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലെന്ന് മഠം അധികൃതർ അറിയിച്ചിട്ടുണ്ട്. കൃഷ്ണന്റെയും രാധയുടെയും വേഷം കെട്ടിയുള്ള ഓൺലൈൻ മത്സരങ്ങളും നടക്കുന്നുണ്ട്.