pic

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പൊലീസ് കസ്റ്റഡിയിലായ ഏഴ് പ്രതികളെ ചുറ്റിപ്പറ്റി ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം മുറുകി. മരുതം മൂട്ടിലെ ഫാം ഹൗസിൽ സംഭവദിവസം പകൽ പ്രതികൾ സംഘടിച്ച് ഗൂഢാലോചന നടത്തിയതായ സൂചനയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലായ ഷജിത്ത് , അജിത്ത്, സതികുമാർ, നജീബ് എന്നിവരെ അവിടെയെത്തിച്ച് തെളിവെടുത്തു. ഫാംഹൗസ് കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകത്തിന്റെ ആസൂത്രണമെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കേസിൽ ഒടുവിൽ അറസ്റ്റിലായ പ്രധാന പ്രതി അൻസറും ഇവർക്കൊപ്പം ഗൂഢാലോചനയിൽ സംബന്ധിച്ചതായി ഇവർ സമ്മതിച്ചെങ്കിലും പുറത്ത് നിന്നുള്ള ആരുടെയെങ്കിലും സാന്നിദ്ധ്യമോ സമ്മർദ്ദമോ സംഭവത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല.

കേസിന്റെ ആസൂത്രണത്തിലും കൊലപാതകത്തിലും നേരിട്ട് പങ്കെടുത്ത അൻസറിനെ കസ്റ്റഡിയിൽ വാങ്ങിയാലേ ഇക്കാര്യം വ്യക്തമാകൂവെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതികളുടെ വീടുകളിലും തെളിവെടുപ്പിന്റെ ഭാഗമായി ഇവരെ എത്തിച്ചു. അൻസറിനെയും ഐ.എൻ.ടി.യു.സി നേതാവായ ഉണ്ണിയേയും കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നാളെ ഇവരെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇവരെ കൂടി കസ്റ്റഡിയിൽ വാങ്ങി പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്താലേ ചില കാര്യങ്ങൾ വ്യക്തമാകൂ. കൊലപാതകത്തിന് മുമ്പും പിമ്പും പ്രതികൾക്ക് ആരിൽ നിന്നെങ്കിലും സാമ്പത്തിക സഹായമുണ്ടായിട്ടുണ്ടോയെന്ന് അറിയാൻ ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയിൽ പങ്കെടുത്തവരും ഉൾപ്പെടെ ഒമ്പത്‌ പേരാണ് ഇതുവരെ അറസ്റ്റിലായത്.ഡി.വൈ.എഫ്‌.ഐ പ്രവർത്തകരായ വെമ്പായം സ്വദേശി മിഥിലാജ് (30) കലിങ്കുംമുഖം സ്വദേശി ഹഖ് മുഹമ്മദ് (24) എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരെയും ഗൂഢാലോചനയിൽ ഉൾപ്പെട്ടവരെയുമാണ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. സംഭവത്തിന്റെ ഗൂഢാലോചനയെപ്പറ്റി വിശദമായി അന്വേഷിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതിന് പ്രതികളെ ഒറ്റയ്ക്കും കൂട്ടായും ആരോപണവിധേയരായവരുടെ സാന്നിദ്ധ്യത്തിലും ചോദ്യം ചെയ്യും. അക്രമണത്തിന്റെ ദൃശ്യങ്ങൾ കാട്ടി കൂടുതൽ പേരുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിലും വ്യക്തതവരുത്തും. പ്രാദേശികമായോ മുകൾതട്ടിലോ ഉള്ള നേതാക്കൻമാർക്ക് എന്തെങ്കിലും വിധത്തിലുള്ള പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനൊപ്പം സംഭവത്തിന്റെ ആസൂത്രണമുൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാകും.