കൊല്ലം: ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ ശനിയാഴ്‌ച മുതൽ റദ്ദാക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ടൊഴിവാക്കാൻ കൂടുതൽ സർവീസുകളുമായി കെ.എസ്.ആർ.ടി.സി. ഇതിന്റെ ഭാഗമായി നാളെ മുതൽ തിരുവനന്തപുരം-എറണാകുളം റൂട്ടിൽ നോൺ സ്റ്റോപ്പ് എ.സി സർവീസ് ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. രാവിലെ 5.30ന് തിരുവനന്തപുരത്തുനിന്ന് തിരിക്കുന്ന ബസ് രാവിലെ 9.30ന് എറണാകുളത്ത് എത്തും. വൈകിട്ട് ആറിന് എറണാകുളത്തുനിന്ന് തിരിക്കുന്ന മടക്കബസ് രാത്രി പത്തിന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് നിരവധി യാത്രക്കാരാണ് ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റുമായി ദിവസവും യാത്ര ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്നും തിരിക്കുന്ന പല ട്രെയിനുകളിലും ഒരു എ.സി. ചെയർകാറാണ് ഉണ്ടാകാറുള്ളത്. യാത്രക്കാർ കൂടുതലായതിനാൽ ഇത് പലപ്പോഴും മതിയാകാറില്ല. ജോലിക്കും മറ്റും പോകുന്നവർക്ക് 10 മണിക്ക് മുമ്പ് എറണാകുളത്ത് എത്തേണ്ടതുണ്ട്. തിരുവനന്തപുരം - എറണാകുളം റൂട്ടിൽ നോൺ സ്റ്റോപ്പ് എ.സി. മൾട്ടി ആക്സിൽ സർവ്വീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം–തിരുവനന്തപുരം ട്രിവാൻഡ്രം എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് ശനിയാഴ്‌ചമുതൽ റദ്ദാക്കിയത്.സീറ്റ് റിസർവേഷന് www.online.kerala.com എന്ന സൈറ്റ് സന്ദർശിക്കാം.