surveyor

കൊല്ലം: മിനിട്സ് തിരുത്തൽ സംഭവുമായി ബന്ധപ്പെട്ട ഉപാസന ആശുപത്രിക്ക് സമീപത്തെ നഗരസഭയുടെ വിവാദ ഭൂമി അളക്കാനുള്ള നടപടി റവന്യു വകുപ്പ് വൈകിപ്പിക്കുന്നു. ഈ മാസം അവസാനത്തോടെ ഭൂമി അളക്കുമെന്നാണ് താലൂക്ക് അധികൃതർ നേരത്തെ പറഞ്ഞിരുന്നതെങ്കിലും യാതൊരു നടപടികളും ഇതുവരെ ആരംഭിച്ചിട്ടില്ല.

കഴിഞ്ഞമാസം 20നാണ് നഗരസഭാ സെക്രട്ടറി ഉപാസന ആശുപത്രിക്ക് സമീപത്തെ ഭൂമി അളക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് സർവേ വിഭാഗത്തിന് കത്ത് നൽകിയത്. ഭൂമി അളക്കലുമായി ബന്ധപ്പെട്ട നപടികൾ തുടങ്ങിയെന്നും തൊട്ടടുത്തുള്ള മറ്റ് ഭൂമികളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് വില്ലേജ് ഓഫീസറോട് ഉടൻ ആവശ്യപ്പെടുമെന്നും കഴിഞ്ഞമാസം അവസാനം താലൂക്ക് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ വില്ലേജ് ഓഫീസർക്ക് സർവേ വിഭാഗം തഹസിൽദാർ ഓഫീസിൽ നിന്ന് യാതൊരു നിർദ്ദേശവും ഇതുവരെ ലഭിച്ചിട്ടില്ല.

 സെപ്തംബറിൽ നടക്കില്ല

നഗരസഭാ ഭൂമിയുടെയും തൊട്ടടുത്തുള്ള ഭൂമികളുടെയും വിശദവിവരങ്ങൾ അടങ്ങിയ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ ഭൂമി അളക്കലുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാനാകു. റിപ്പോർട്ട് തയ്യാറാക്കാൻ ഏറെ സമയമെടുക്കും. ഇത് ലഭിച്ച ശേഷം ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള ഭൂ ഉടമകൾക്ക് നോട്ടീസ് നൽകും.

നടപടികൾ പൂർത്തിയാക്കി സെപ്തംബർ അവസാനത്തോടെ അളക്കുമെന്നായിരുന്നു താലൂക്ക് അധികൃതർ പറഞ്ഞിരുന്നത്. നടപടികൾ വൈകുന്ന സാഹചര്യത്തിൽ ഈ മാസം അളക്കാൻ സാധ്യതയില്ല. സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമാണ് നടപടികൾ വൈകാൻ കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

 സി.പി.എം പിന്നോട്ട്

മിനിട്സ് തിരുത്തലുമായി ബന്ധപ്പെട്ട് മേയർക്കെതിരായ സി.പി.എമ്മിന്റെ ശക്തമായ നിലപാട് അയഞ്ഞു. തദ്ദേശ തിരിഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുള്ള സാദ്ധ്യത കണക്കിലെടുത്താണ് സി.പി.എം പിന്മാറ്റം.

കഴിഞ്ഞമാസം ചേർന്ന കൗൺസിൽ യോഗത്തിൽ മിനിട്സ് തിരുത്തലിൽ മേയർക്കെതിരെ സി.പി.എമ്മിന്റെ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എ. സത്താർ, മുൻ മേയർ വി. രാജേന്ദ്രബാബു എന്നിവർ രംഗത്തെത്തിയിരുന്നു.