krishna

കൊല്ലം: ശോഭായാത്രയും ആഘോഷങ്ങളുമില്ലാതെ പൂജയും പ്രാർത്ഥനകളുമായി ആചാരപൂർവം നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. കൃഷ്ണകുടീരം ഒരുക്കിയും കൃഷ്ണപ്പൂക്കളം തീർത്തും ശ്രീകൃഷ്ണ സ്തുതികളും ‌ജ്ഞാനപ്പാനയും പാടി രസിച്ചും നടത്തിയ ആഘോഷങ്ങളിൽ വീടുകൾ വൃന്ദാവനമായി.

വീടുകളിൽ ആചാരപൂർവം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനായിരുന്നു ബാലഗോകുലത്തിന്റെ തീരുമാനം. ദേവസ്വം ബോർഡിന്റേതുൾപ്പെടെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും മഠങ്ങളിലും ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുങ്ങി. വീട്ടുമുറ്റം വൃന്ദാവന മാതൃകയിൽ അലങ്കരിച്ച് കുട്ടികൾ കൃഷ്ണ, ഗോപിക വേഷങ്ങളും മുതിർന്നവർ കേരളീയവേഷവും ധരിച്ച് അവരവരുടെ വീട്ടുമുറ്റത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ പങ്കാളികളായി. രാവിലെ മുറ്റത്ത് കൃഷ്ണപ്പൂക്കളം ഒരുക്കിയാണ് ആഘോഷം തുടങ്ങിയത്. തുടർന്ന് കണ്ണനൂട്ട്, അമ്പാടിക്കാഴ്ചയൊരുക്കൽ, ഗോകുലപ്രാർത്ഥന, ഹരേരാമ മന്ത്രം, ഗോകുലഗീതം എന്നിവ നടന്നു. വൈകിട്ട് ജന്മാഷ്ടമി ദീപക്കാഴ്ചയൊരുക്കി മംഗളശ്ലോകത്തോടെ പരിപാടികൾ സമാപിച്ചു. തുടർന്ന് പ്രസാദവിതരണം നടന്നു.

ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ ആശ്രാമം,​ മുഖത്തല,​ തിരുമുല്ലവാരം,​ കാഞ്ഞിരകോട്,​ തേവലക്കര,​ തഴവ,​ പുലിയൻ കുളങ്ങര,​ മുതുപിലാക്കാട് തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭക്തജനങ്ങൾ പൂജകളിലും ചടങ്ങുകളിൽ പങ്കെടുത്തു. പ്രസാദ വിതരണം, പാൽപ്പായസം, മധുരപലഹാര വിതരണം എന്നിവയും നടന്നു.