കൊല്ലം: കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ സീരിയൽ നടി, രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ ഒളിവിൽ പോയി.
അസൗകര്യം അറിയിച്ചതിനാൽ ബുധനാഴ്ച ഹാജരാകാൻ അവസരം നൽകിയെങ്കിലും എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ നടിയുടെയും ബന്ധുക്കളുടെയും ഫോൺ സ്വിച്ച് ഒാഫ് ആയിരുന്നു. കരുനാഗപ്പള്ളിയിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. റിമാൻഡിൽ കഴിയുന്ന ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് സീരിയൽ നടി.
ഹാരിസുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വളയിടൽ ചടങ്ങിനുശേഷം ഹാരീസ് അതിൽനിന്നു പിൻമാറിയതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. മരണത്തിന് മണിക്കൂറുകൾക്കുമുമ്പ് ഹാരിസിനോടും ഹാരിസിന്റെ അമ്മയോടും യുവതി ഫോണിൽ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതും തെളിവായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.
യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും ഗർഭഛിദ്രം നടത്തിയെന്നുമുള്ള കണ്ടെത്തലിനെ തുടർന്ന് ഹാരിസിനെതിരെ പീഡനക്കുറ്റവും ചുമത്തിയിരുന്നു. ഇതെല്ലാം സീരിയൽ നടിക്ക് അറിയാമായിരുന്നുവെന്ന നിഗമനത്തിലാണ് പ്രാഥമിക വിവര ശേഖരണത്തിനുശേഷം വിശദമായ ചോദ്യംചെയ്യലിന് വിളിപ്പിച്ചത്. സീരിയൽ ഷൂട്ടിംഗ് ഉള്ളപ്പോൾ കൂട്ടിനെന്ന പേരിൽ യുവതിയെ സീരിയൽ നടി പലപ്പോഴും ഒപ്പം കൂട്ടിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഹാരിസും ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.
കൊല്ലത്തെ ഒരു ആശുപത്രിയിലാണ് ഗർഭം സ്ഥിരീകരിച്ചത്. ഗർഭഛിദ്രത്തിനായി കൊല്ലത്തെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും അവർ തയ്യാറായില്ല. ഒടുവിൽ സംസ്ഥാനത്തിനു പുറത്തെ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തിയത്. ഈ സമയത്തും സീരിയൽ നടി ഒപ്പമുണ്ടായിരുന്നു. കേസിൽ പ്രതി ചേർക്കുമെന്നുകണ്ട് ഇവർ മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.
ഹാരിസിന്റെ കുടുംബത്തെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന നിലപാടിലാണ് യുവതിയുടെ മാതാപിതാക്കൾ.